കോട്ടയം മെഡിക്കൽ കോളജിലെ വനിതാ ഹോസ്റ്റലിൽ ഇനി 24 മണിക്കൂറും പ്രവേശനത്തിന് അനുമതി

കോട്ടയം ∙ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനികളുടെ ഹോസ്റ്റലിൽ അന്തേവാസികൾക്ക് ഏതു സമയത്തും പ്രവേശിക്കാനും പുറത്തു പോകാനും സ്വാതന്ത്ര്യം നൽകാൻ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ഇതുവരെ രാത്രി 9.30 വരെയായിരുന്നു പ്രവേശനം. ഇതിനെതിരെ വിദ്യാർഥിനികൾ എസ്എഫ്ഐ വനിതാ യൂണിറ്റിന്റെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തുകയും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു നിവേദനം നൽകുകയും ചെയ്തിരുന്നു.

ചരിത്രപരമായ തീരുമാനമാണിത്. വിദ്യാർഥിനികളുടെ അവകാശപ്പോരാട്ടത്തിന്റെ വിജയം. ആദ്യമായാണ് കേരളത്തിലെ ഒരു മെഡിക്കൽ കോളജ് ഇത്തരം പുരോഗമനപരമായ തീരുമാനം എടുക്കുന്നത്.

കെ.ആർ.ചാരുലത, യൂണിയൻ ചെയർമാൻ, കോട്ടയം മെഡിക്കൽ കോളജ്

ഗേറ്റ് മുഴുവൻ സമയവും തുറന്നിടുന്നത് സുരക്ഷാ പ്രതിസന്ധി ഉണ്ടാക്കുമെന്നതിനാൽ സുരക്ഷാ ജീവനക്കാരുടെ അറിവോടെ റജിസ്റ്ററിൽ പേരും സമയവും രേഖപ്പെടുത്തിയ ശേഷം ഹോസ്റ്റലിൽ നിന്നു പുറത്തുപോകാനും അകത്തു പ്രവേശിക്കാനുമാണ് അനുമതി നൽകിയതെന്നു വൈസ് പ്രിൻസിപ്പൽ ഡോ. മറിയം വർക്കി പറഞ്ഞു. ബിഫാം വിദ്യാർഥികളും ഹോസ്റ്റലിലുണ്ട്. അത്യാഹിത വിഭാഗം ഡ്യൂട്ടി ഉള്ളപ്പോഴും മറ്റും ഹോസ്റ്റലിലെ സമയ നിബന്ധന ഏറെ വലച്ചിരുന്നതായി വിദ്യാർഥിനികൾക്കു പരാതിയുണ്ടായിരുന്നു.