പുലര്‍ച്ചെ ആശുപത്രിയിലെത്തിച്ചു, ഒരു മണിക്കൂറിനുള്ളില്‍ മരണം, വിശ്വസിക്കാനാവാതെ പരിചയക്കാര്‍

സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പരിചയക്കാര്‍ക്കും ഒന്നും നടന്‍ കോട്ടയം പ്രദീപിന്റെ മരണ വാര്‍ത്ത വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. വളരെ അപ്രതീക്ഷിതമായ വിയോഗം ആയിരുന്നു അത്. 61കാരനായ പ്രദീപിനെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ കാര്യമുണ്ടായില്ല. നാല് മണിയോടെ മരണം സംഭവിച്ചു.

എല്‍ഐസി ജീവനക്കാരനായിരുന്നു പ്രദീപ്. ഐവി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിച്ചു. 2010ല്‍ പുറത്തെത്തിയ ഗൗതം വാസുദേവ് മേനോന്‍ ചിത്രം വിണ്ണൈ താണ്ടി വരുവായയിലെ തൃഷയുടെ അമ്മാവന്‍ ആയി അഭിനയിച്ചത് അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായി.

പിന്നീട് മലയാളം, തമിഴ് സിനിമകളില്‍ നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്തു. കോമഡി വേഷങ്ങള്‍ ചെയ്താണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി എഴുപതില്‍ ഏറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. പത്താം വയസ്സില്‍ എന്‍.എന്‍.പിള്ളയുടെ ‘ഈശ്വരന്‍ അറസ്റ്റില്‍’ എന്ന നാടകത്തില്‍ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് അന്‍പത് വര്‍ഷമായി നാടകരംഗത്ത് സജീവമായിരുന്നു.

കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചതും വളര്‍ന്നതും. കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂള്‍, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. 1989 മുതല്‍ എല്‍ഐസിയില്‍ ജീവനക്കാരനാണ്. ഭാര്യ: മായ, മക്കള്‍: വിഷ്ണു, വൃന്ദ.