SFI ക്കാർ വിദ്യാർത്ഥിയുടെ മൂക്കിടിച്ച് പൊട്ടിച്ചു ;യൂണിയൻ ചെയർമാനും,സെക്രട്ടറിയും ഉൾപ്പെടെ 20 ലധികം പേർക്കെതിരെ കേസ്

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ 20 ലധികം പേർക്കെതിരെ കേസെടുത്ത് പൊലീസ്. കോളേജ് യൂണിയൻ ചെയർമാനെയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെയും കേസിൽ പ്രതി ചേർത്തു. നാല് എസ്എഫ്ഐ പ്രവർത്തകർക്ക് പുറമെ കണ്ടാലറിയാവുന്ന 20 പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് ഉള്ള വ്യക്തി വൈരാഗ്യമാണ് മർദ്ദന കാരണം എന്ന് എഫ്ഐആറിൽ പറയുന്നു.

കൊയിലാണ്ടി കൊല്ലം ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം ആർട്സ് ആൻഡ്‌ സയൻസ് കോളേജിലെ ബി.എസ്‌സി. കെമിസ്ട്രി രണ്ടാംവർഷ വിദ്യാർഥി സി.ആർ. അമലാണ് ഒരുസംഘം എസ്.എഫ്.ഐ. പ്രവർത്തകരുടെ വിചാരണയ്ക്കും മർദനത്തിനും ഇരയായത്. അമലിന്റെ മൂക്കിന്റെ പാലത്തിന് ചതവുപറ്റുകയും വലതുവശത്തെ കണ്ണിനുസമീപം നീരുവന്ന് വീർക്കുകയുംചെയ്തു
ഭയപ്പാടിൽ ഡോക്ടറോട് ഒന്നുംപറയാതിരുന്ന വിദ്യാർഥി വീട്ടിലെത്തിയശേഷം അസഹ്യമായ വേദന വന്നപ്പോഴാണ് സത്യാവസ്ഥ മാതാപിതാക്കളോട് പറയുന്നത്.
.അമലിന്റെ തലയ്ക്കും മൂക്കിനും മുഖത്തും കൈമുഷ്ടി ചുരുട്ടി തുടരെ തുടരെ ആഞ്ഞ് കുത്തുകയായിരുന്നുവത്രേ. മൂക്കിൽനിന്ന് ചോരയൊലിച്ചപ്പോൾ മുഖംതാഴ്ത്തിനിന്ന അമലിനെ അതിനും സമ്മതിച്ചില്ലെന്നുപറയുന്നു. നേരേ നോക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ തലകറങ്ങി നിലത്തിരുന്നപ്പോഴാണ് വിചാരണ നിർത്തി വിട്ടയച്ചത്. ഇതുസംബന്ധിച്ച പരാതി അമലും പിതാവ് പയ്യോളി വില്ലേജ് ഓഫീസർ എ.വി. ചന്ദ്രനും കൊയിലാണ്ടി പോലീസിലും പ്രിൻസിപ്പലിനും ശനിയാഴ്ച നൽകി.

അമൽ പറയുന്നത് ഇങ്ങനെ
അപകടമെന്ന് എഴുതിച്ച (ആർ.ടി.എ.) മെഡിക്കൽ കോളേജ് ശീട്ട്
വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ കോളേജ് ചെയർമാൻ ആർ. അഭയ് കൃഷ്ണ ചിലകാര്യങ്ങൾ സംസാരിച്ചുതീർക്കാനുള്ളതിനാൽ പുറത്തേക്കുവരണമെന്ന് പറഞ്ഞു. അമലിന്റെ ക്ലാസിലെ വിദ്യാർഥികൂടിയാണ് ചെയർമാൻ. മൂന്നുകൂട്ടുകാരുമായി ചെയർമാനോടൊപ്പം അമൽ പോയി. എന്നാൽ, കോളേജിന് സമീപത്തുള്ള അടച്ചിട്ട വീട്ടുമുറ്റത്തേക്കാണ് കൊണ്ടുപോയത്. അമലിന്റെ കൂട്ടുകാരെ ചെയർമാൻ തിരിച്ചയച്ചു.അവിടെയെത്തിയപ്പോൾ കോളേജിലെയും സമീപത്തെ കോളേജിലെയും കൊയിലാണ്ടി ഏരിയാകമ്മിറ്റിയിലെയും എസ്.എഫ്.ഐ. നേതാക്കളും പ്രവർത്തകരുമെല്ലാമായി 25-ഓളം പേർ നിൽക്കുന്നതാണ് കണ്ടത്. റാഗിങ്ങുമായി ബന്ധപ്പെട്ട് രണ്ടാഴ്ചമുമ്പ് കോളേജിൽ അടി നടന്നിരുന്നു. ഈ അടിയുടെ സൂത്രധാരൻ അമലാണെന്ന് പറഞ്ഞായിരുന്നുവത്രേ ആക്രമണം.

ചിലർ വിചാരണ നടത്തുന്നതിനിടയിൽ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയാണ് ക്രൂരമായി മർദിച്ചത്. മറ്റുള്ളവർ ചുറ്റും നോക്കിനിന്നു. മൂക്കിൽനിന്ന് ചോരവാർന്ന് അവശനായശേഷം മൂന്നുകൂട്ടുകാരുമൊത്ത് കൊയിലാണ്ടി ഗവ. താലൂക്കാശുപത്രിയിൽ പോയി. അവിടെ കൂട്ടുകാർ ഒ.പി. ടിക്കറ്റ് എടുക്കുന്നതിനിടയിൽ അക്രമസംഘത്തിലുണ്ടായിരുന്നവർ ഓടിയെത്തുകയും ഇടയ്ക്കുകയറി ബൈക്കപകടമാണെന്നുപറഞ്ഞ് ശീട്ടിൽ അങ്ങനെ എഴുതിക്കുകയുംചെയ്തു. മൂക്കിൽ പ്ലാസ്റ്ററിട്ടശേഷം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളേജിലെത്തിയപ്പോൾ അവിടെയും അഞ്ച് എസ്.എഫ്.ഐ. പ്രവർത്തകരെത്തി ഡോക്ടറെ തെറ്റായ കാര്യങ്ങൾ ധരിപ്പിച്ചു.വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് വലിയ വേദന അനുഭവപ്പെട്ടത്. ഇതോടെയാണ് വീട്ടുകാരോട് നടന്നസംഭവം പറഞ്ഞത്. ഉടൻ രാത്രിതന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പോയി എക്സ്‌റേയും മറ്റുപരിശോധനയും നടത്തി.രണ്ടാഴ്ചമുമ്പ് കോളേജിലുണ്ടായ അടിയുടെ പേരിൽ യൂണിറ്റ് സെക്രട്ടറി നൽകിയ പരാതിയിൽ തന്റെ പേരില്ലെന്ന് അമൽ പറഞ്ഞു. അടിയുണ്ടായ സ്ഥലത്ത് ക്യാമറയുമുണ്ട്. വ്യക്തിവിരോധം തീർക്കാൻ കെട്ടിച്ചമച്ചതാണ് ആരോപണം. ‘ആക്രമിച്ചതാണെന്ന വിവരം പുറത്തുപറഞ്ഞാൽ വലുതായി അനുഭവിക്കേണ്ടിവരു’മെന്ന് ഭീഷണിപ്പെടുത്തിയാണ് വിട്ടയച്ചതെന്നും അമൽ പറയുന്നു.