തെറിയഭിഷേകവുമായി കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍; യാത്രക്കാരെ ഇറക്കിവിട്ടു

തിരുവനന്തപുരം. കെഎസ്ആര്‍ടിസി ബസില്‍ നിന്നും യാത്രക്കാരെ അധിക്ഷേപിച്ച് ഇറക്കിവിട്ട് വനിതാ കണ്ടക്ടര്‍. തിരുവനന്തപുരം ചിറയിന്‍കീഴ് ബസ് സ്റ്റാന്‍ഡില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. തിരിവനന്തപുരത്തേക്ക് പോകുവാനുള്ള നിര്‍ത്തിയിട്ട ബസിലാണ് യാത്രക്കാര്‍ കയറി ഇരുന്നത്. എന്നാല്‍ ബസിലുണ്ടായിരുന്ന സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ വനിത കണ്ടക്ടര്‍ അധിക്ഷേപിക്കുകയും അസഭ്യം പറയുകയുമായിരുന്നു. ബസിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയെയും ഇവര്‍ അധിക്ഷേപിച്ചു.

ബസില്‍ ഇരുന്ന് തനിക്ക് ഭക്ഷണം കഴിക്കണമെന്നും അതിനാല്‍ എല്ലാവരും ഇറങ്ങിപോകണമെന്നുമായിരുന്നു ഇവരുടെ നിര്‍ദേശം. പുറത്ത് നല്ലവെയിലാണെന്നും ഒരു സീറ്റില്‍ ഇരുന്ന് ഭക്ഷണം കഴിച്ചോളുവാന്‍ യാത്രക്കാര്‍ പറഞ്ഞിട്ടും ഇവര്‍ കൂട്ടാക്കിയില്ല. ഇതിന് പിന്നാലെയാണ് ബസില്‍ ഉണ്ടായിരുന്ന സ്ത്രീകളടക്കം ഉള്ളവരോടെ കണ്ടക്ടര്‍ അസഭ്യം പറഞ്ഞത്. തൊഴിലുറപ്പിന് പോകുന്നവർ എല്ലാം കണ്ടവന്റെ കൂടെ ഉറങ്ങാൻ ആണ് പോകുന്നത് ന്നാണ് വനിതാ കണ്ടക്ടർ പറഞ്ഞത്.

വനിത കണ്ടക്ടര്‍ അസഭ്യവര്‍ഷം തുടങ്ങിയതോടെ ചില യാത്രക്കാര്‍ ആദ്യം തന്നെ ഇറങ്ങിപ്പോയി. എന്നാല്‍ സ്ത്രീകള്‍ അടക്കം പ്രായം ചെന്നവര്‍ ബസില്‍ തന്നെ ഇരുന്നു. തുടര്‍ന്ന് ഇറങ്ങുവാന്‍ തയ്യാറാകാത്തവരെ ഇവര്‍ വീണ്ടും അസഭ്യം പറയുകായായിരുന്നു. ഇതോടെ യാത്രക്കാര്‍ ബസില്‍ നിന്നും ഇറങ്ങി. ബസില്‍ നിന്നും ഇറങ്ങിയ സ്ത്രീകളെയും ഇവര്‍ തുടര്‍ന്ന് അസഭ്യം പറയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ആറ്റിങ്ങല്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്ന വനിതാ കണ്ടക്ടറാണ് യാത്രക്കാരെ അസഭ്യം പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം.