ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം; കെ.ടി.യു വിസിക്ക് സുരക്ഷ നൽകണം: രാജ്ഭവൻ

തിരുവനന്തപുരം: പ്രതിഷേധങ്ങൾ അടങ്ങാത്ത സാഹചര്യത്തിൽ സാങ്കേതിക സര്‍വകലാശാല വി.സി ഡോ. സിസ തോമസിന് വേണ്ട സുരക്ഷാ ഉറപ്പുവരുത്തണമെന്ന് ജ്ഭവന്‍ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും നിര്‍ദേശം നല്‍കി. ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധമടക്കമുള്ള കാര്യങ്ങൾ വിസി ഗവർണറെ കണ്ട് ധരിപ്പിച്ചതിന് പിന്നാലെയാണ് നടപടി.

സാങ്കേതിക സര്‍വകലാശാല വി.സി ഡോ. സിസ തോമസിന്റെ നിയമനം സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം നിരസിച്ചു. നിയമനം സ്റ്റേ ചെയ്താൽ സാങ്കേതിക സർവകലാശാലയ്ക്ക് വിസി ഇല്ലാത്ത അവസ്ഥ വരുമെന്നും വെള്ളിയാഴ്ച വിശദമായ വാദത്തിന് ശേഷം ഇക്കാര്യം പരിഗണിക്കും. അതേമയം ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

ഗവര്‍ണര്‍ക്ക് പകരം വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെയോ മന്ത്രിമാരെയോ ചാന്‍സലറാക്കാനുള്ള ബദല്‍ നിര്‍ദേശം അടങ്ങുന്ന നിയമനിര്‍മാണമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നാലും ഗവര്‍ണര്‍ അതില്‍ ഒപ്പിടണം. ഗവര്‍ണര്‍ ഒപ്പുവെച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരുകയുള്ളു. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണാനാകും എന്നതിനെക്കുറിച്ചും സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുന്നുണ്ട്.