മരം കേറി മാങ്ങാ പറിച്ച് ലക്ഷ്മി നക്ഷത്ര

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. വളരെ രസകരവും വ്യത്യസ്തവുമായ അവതരണ ശൈലിയിലൂടെ മലയാളികളുടെ ചിന്നുവായി മാറിയ താരമാണ് ലക്ഷ്മി. സ്റ്റാര്‍മാജിക് എന്ന ഷോയിലൂടെ താരം നിറസാന്നിധ്യമാണ്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് ലക്ഷ്മി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുണ്ട്.

ഇപ്പോള്‍ തന്റെ കുട്ടിക്കാല ഓര്‍മകള്‍ക്ക് പിന്നാലെയുള്ള ലക്ഷ്മിയുടെ യാത്രകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കുട്ടിക്കാലത്ത് മരത്തില്‍ കയറി മാങ്ങാ പറിച്ചതും കളിച്ചതുമെല്ലാം താരം ഓര്‍ത്തെടുക്കുന്നു. അയല്‍പക്കത്തെ ഒരു വീട്ടില്‍ മാവില്‍ കയറി മാങ്ങാ പറിക്കുന്ന വീഡിയോ താരം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. നിരവധി പേരാണ് ലക്ഷ്മിയുടെ സാഹസത്തിന് കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.

അധികം പരിചയമില്ലാത്ത വീട്ടില്‍ എത്തി മാങ്ങാ പറിക്കാന്‍ അവിടത്തെ വീട്ടമ്മയോട് സമ്മതം വാങ്ങി മരത്തില്‍ കയറിയ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. മരത്തില്‍ കയറിയ ശേഷം പേടിയോടെ അടുത്ത കൊമ്പിലേക്ക് കയറുന്ന ലക്ഷ്മിയുടെ വീഡിയോ ശകലമാണ് ഇപ്പോള്‍ ഫാന്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.

റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ലക്ഷ്മി പിന്നീട് ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഗായിക കൂടിയാണ് ലക്ഷ്മി. ചുരുങ്ങിയ സമയം ഏറ്റവും ആരാധകരുള്ള അവതാരകരില്‍ ഒരാളായി മാറാന്‍ ലക്ഷ്മിക്ക് കഴിഞ്ഞു. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക് എന്നീ ഷോകളിലൂടെ ആയിരുന്നു ലക്ഷ്മി ടെലിവിഷനില്‍ ശ്രദ്ധേയായത്.