നിയമസഭാ കയ്യാങ്കളി കേസ്; സർക്കാരിന് നിർണ്ണായകം; അപ്പീല്‍ പിന്‍വലിക്കുന്നതും സര്‍ക്കാര്‍ പരിഗണനയില്‍

നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രിംകോടതിയിലെ അപ്പീല്‍ പിന്‍വലിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ പരിഗണനയിൽ. തിരിച്ചടി ഒഴിവാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ ശ്രമം. വിചാരണക്കിടെ എതിര്‍ പരാമര്‍ശമോ നടപടികളോ ഉണ്ടായാല്‍ അപ്പീല്‍ പിന്‍വലിക്കും. കേസിൽ മന്ത്രി പദവിയിൽ ഉള്ളവരുൾപ്പെടെ ഉണ്ടെന്നതും സർക്കാരിനെ കുഴക്കിയിരിക്കുകയാണ്. അപ്പീൽ പിൻവലിക്കുകയാണെങ്കിൽ പ്രതികൾക്ക് വിചാരണ കോടതിയിൽ വിചാരണ നേരിടേണ്ടി വരും. മുതിർന്ന അഭിഭാഷകനുമായി ഇക്കാര്യത്തിൽ സര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ച നടത്തി.

കേസ് പിന്‍വലിക്കാനും വിചാരണ നടപടിയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ലെന്നും കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ സുപ്രിംകോടതി പറഞ്ഞിരുന്നു. എംഎല്‍എമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആഞ്ഞടിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെയും, ആറ് ഇടത് നേതാക്കളുടെയും അപ്പീല്‍ സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യത്തില്‍ സുപ്രിംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. സംസ്ഥാന സര്‍ക്കാരിന്റെയും ആറ് നേതാക്കളുടെയും അപ്പീലില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ തവണ സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. കേസ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും. വിവാദത്തിലായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ തന്നെയാണ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്.