വികസനത്തിനൊപ്പം നിൽക്കുന്നവർ വിജയിക്കട്ടെ, താൻ വികസനത്തിനൊപ്പമെന്ന് കുഞ്ചാക്കോ ബോബൻ

ആലപ്പുഴ : വികസനത്തിന് വേണ്ടി നിൽക്കുന്നവർക്ക് ഏറ്റവും മികച്ച വിജയമുണ്ടാകട്ടെ എന്ന് നടൻ കുഞ്ചാക്കോ ബോബൻ. നീണ്ട നാളുകൾക്ക് ശേഷമാണ് മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താനായി എത്തുന്നത്. രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ് താൻ എപ്പോഴും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. ഈ തെരഞ്ഞെടുപ്പിലെ ട്രെൻഡ് വികസനമായിരിക്കും.

അത് തിരിച്ചറിയുന്ന വിവേകമുള്ള രാഷ്‌ട്രീയ ബോധമുള്ള ജനതയാണ് ഇപ്പോഴത്തേതെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. സമ്മതിദാനാവകാശം വിനിയോഗിച്ച് നടൻ ശ്രീനിവാസനും. ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്‌കൂളിലെത്തിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുകളുണ്ട്. അതുകൊണ്ടാണ് എനിക്ക് അതിൽ താത്പര്യമില്ലാത്തത്.

ഇന്ത്യ അടുത്തൊന്നും കരകയറാനുള്ള യാതൊരു ലക്ഷണവുമില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. സഹപ്രവർത്തകൻ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിലും ശ്രീനിവാസൻ പ്രതികരിച്ചു. സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ലെന്നാണ് ശ്രീനിവാസൻ പറഞ്ഞത്.

ഫാസിൽ, ലാൽ ജോസ്, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ഇന്ദ്രൻസ്, ശ്രീനിവാസൻ, അന്നാ രാജൻ, അഹാന കൃഷ്ണ, ആസിഫ് അലി, അഷ്‌കർ അലി, ആശാ ശരത് തുടങ്ങിയവർ വോട്ട് രേഖപ്പെടുത്താനെത്തി. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്‌കൂളിലാണ് ഫാസിലും ഫഹദ് ഫാസിലും വോട്ട് രേഖപ്പെടുത്താനായി എത്തിയത്.