കാഴ്ചക്കാരനെ മുൾമുനയിൽ നിർത്തി ‘കുമാരി’

നാടോടിക്കഥകളുടെയും കെട്ടുകഥകളുടെയും പശ്ചാത്തലത്തിൽ മികച്ച ഒരു ഹൊറർ ത്രില്ലർ ഒരുക്കിയിരിക്കുകയാണ് സംവിധായകൻ നിർമൽ. ഭയത്തിന്റെയും ഉത്കണ്ഠയുടെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യവിസ്മയം എന്ന് തന്നെ ചിത്രത്തെ വിശേഷിപ്പിക്കാം. ‘രണ’ത്തിന് ശേഷം നിർമൽ സഹദേവ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ടെെറ്റിൽ കഥാപാത്രമായ കുമാരിയായി ചിത്രത്തിലെത്തുന്നത്.

പഴങ്കഥയിലൂടെയാണ് പ്രേക്ഷകനെ സംവിധായകൻ ശാപം പിടിച്ച കാഞ്ഞിരങ്ങാട്ട് എന്ന ​ഗ്രാമത്തിലേയ്ക്ക് എത്തിക്കുന്നത്. അവിടെ ദുഷ്ന്മാരായ, ദുരാ​ഗ്രഹികളായ തമ്പുരാക്കന്മാരുണ്ട്. ഇവരുടെ ആജ്ഞാനുവർത്തികളായി കഴിയേണ്ടിവരുന്ന കുറെ പാവങ്ങളുണ്ട്. പിന്നെ യുക്തിക്കുമൊക്കെ അപ്പുറം ഭയപ്പെടുത്ത ചില മായക്കാഴ്ചകളും ശക്തികളും കൂട്ടിനുണ്ട്, ഇല്ലിമല ചാത്തനും ഗാരീ ദേവനും ഒക്കെ. ഈ നാട്ടിലേയ്ക്ക് കുമാരി എത്തുന്നതും അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഓരോ നിമിഷവും പ്രേക്ഷകനെ ഉദ്വേ​ഗത്തിലാക്കുന്ന രീതിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ അഭിനയജീവിതത്തിൽ ‘കുമാരി’ എന്ന ചിത്രം ഒരു നാഴികക്കല്ലാകും. താരം ഈ കഥാപാത്രത്തെ
മനോഹരമായി തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. കുമാരിയുടെ ഭർത്താവായ ധ്രുവനായി എത്തുന്ന ഷെെൻ ടോം ചാക്കോയും ​ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. കഥയിലെ നെടുംതൂണുകളിലൊന്നായ കഥാപാത്രത്തിലൂടെ ഷെെൻ കെെയടി നേടുകയാണ്.

മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സുരഭി ലക്ഷ്മിയാണ്. മലയാള സിനിമയിൽ കണ്ടുപരിചയമില്ലാത്ത രൂപഭാവമുള്ള കഥാപാത്രത്തെ മികച്ചതാക്കാൻ താരത്തിനായി. സ്വാസിക, തൻവി റാം, ​ജിജു ജോൺ, രാഹുൽ മാധവ്, സ്ഫടികം ജോർജ്, ശ്രുതി മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ ചിത്രം അവതരിപ്പിക്കുന്നത്.