പ്രതീക്ഷിക്കാതെ എത്തിയ അതിഥിയായി കോവിഡ്, പൊരുതി തോല്‍പ്പിച്ച് ദമ്പതികള്‍, അനുഭവം

കോവിഡ് പിടിപെട്ടാല്‍ ജീവിതം അവസാനിച്ചു എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ആത്മധൈര്യവും ശരിയായ ചികിത്സയും ലഭിച്ചാല്‍ കോവിഡിനെ തോല്‍പ്പിക്കാന്‍ സാധിക്കും എന്ന് പറയുകയാണ് ഡോ. സ്മിത ദിംജു. തനിക്കു ഉണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് സ്മിത ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യം ഭര്‍ത്താവിനും പിന്നീട് തനിക്കും കോവിഡ് ബാധിച്ചതിനെ കുറിച്ചും അതില്‍ നിന്നും മുക്തമായതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സ്മിത. തങ്ങളില്‍ നിന്നും ആര്‍ക്കും കോവിഡ് പകരാന്‍ അനുവദിച്ചില്ലെന്നും ഡോ. സ്മിത പറയുന്നു.

ഡോ. സ്മിതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

ഞാനും എന്റെ ഭര്‍ത്താവും കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും മുക്തി നേടി സുഖം പ്രാപിച്ച വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിക്കുന്നു. ജൂണ്‍ ഏഴിന് കോവിഡ് പോസിറ്റിവ് ആണെന്ന് അറിഞ്ഞ നിമിഷം മുതല്‍ ജൂണ്‍ 27 ന്, ഞങ്ങള്‍ കോവിഡില്‍ നിന്നും മുക്തി നേടി എന്ന സര്‍ക്കാര്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയത് വരെയുള്ള അനുഭവങ്ങള്‍ ഞാന്‍ ഇവിടെ പങ്കു വയ്ക്കുന്നു. ജൂണ് അഞ്ചിനാണ് എന്റെ ഹസ്ബന്‍ഡ്, Dr.Dimju Gopal ന് പനി തുടങ്ങുന്നത്.. അദ്ദേഹം എപ്പോഴെങ്കിലും വീട്ട് സാധനങ്ങള്‍ വാങ്ങാന്‍ മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളു. അതും എല്ലാവിധ മുന്‍കരുതലുകളോടും കൂടി.. അതിനാല്‍ ഒരിക്കലും കൊറോണ എന്ന ചിന്തയിലേക്ക് മനസ് പോയില്ല. പിറ്റേ ദിവസം പനി കടുത്തു.. രുചിയും ഗന്ധവും അറിയുന്നില്ല. അതോടെ ചെറിയൊരു ഭയവും വന്നു. ഇവിടെ ഞങ്ങള്‍ രണ്ടു പേരും ഏഴ് വയസായ മോളും മാത്രമേ ഉള്ളൂ.. ഞങ്ങള്‍ക്ക് ചുറ്റും ധാരാളം മലയാളികള്‍ കൊറോണ പിടിപെട്ടു മരിക്കുന്ന വാര്‍ത്തകളാണ് ദിവസവും കേള്‍ക്കുന്നത്. ഞാന്‍ അദ്ദേഹത്തിന് പനിക്കുള്ള കഷായം വെച്ചു കൊടുത്തു. ജൂണ്‍ ഏഴിന് രാവിലെ ആയപ്പോഴേക്കും പനി കുറഞ്ഞു. പക്ഷെ ചെറുതായി ചുമ തുടങ്ങി. സംശയം തീര്‍ക്കാന്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ പോയി കോവിഡ് PCR ടെസ്റ്റ് ചെയ്തു.

അന്ന് രാത്രി എട്ടു മണിയോടെ ആശുപത്രിയില്‍ നിന്നും മൊബൈലില്‍ മെസ്സേജ് വന്നു, ‘കോവിഡ് പൊസിറ്റിവ്’. ആ ഒരു നിമിഷം ഞാന്‍ എങ്ങനെ തരണം ചെയ്തു എന്ന് ഇപ്പോഴും എനിക്ക് പറയാന്‍ അറിയില്ല.. മനസ്സ് ആകെ തകര്‍ന്നു പോയി.. കാരണം, അതിന് തൊട്ടു മുന്‍പ് ഞാന്‍ ടിവി യില്‍ കണ്ട വാര്‍ത്ത ‘കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരണപ്പെട്ടു’ എന്നതായിരുന്നു. റിസള്‍ട്ട് പൊസിറ്റിവ് ആണെന്ന് അറിഞ്ഞപ്പോള്‍ നന്നായി ഭയന്നെങ്കിലും അദ്ദേഹം ഞങ്ങള്‍ക്ക് മുന്നില്‍ ധൈര്യം അഭിനയിച്ചു. പേടിക്കേണ്ട,ഒരു സാധാരണ പനി പോലെ കണ്ടാല്‍ മതി, എത്രയോ പേര്‍ സുഖം പ്രാപിക്കുന്നുണ്ട്. അക്കൂട്ടത്തിലെ ഞാന്‍ പെടുകയുള്ളൂ.. അദ്ദേഹം എനിക്ക് ധൈര്യം നല്‍കി. ഹെല്‍ത്ത് മിനിസ്ട്രിയില്‍ (MOH) വിളിച്ചപ്പോള്‍ പനിയുണ്ടെങ്കില്‍ പാരസെറ്റാമോള്‍ കഴിക്കുക.വിറ്റാമിന്‍ സി കഴിക്കുക.ഹെല്‍ത്തി ഭക്ഷണം കഴിക്കുക. അല്ലാതെ മറ്റൊന്നും വേണ്ട എന്നറിയിച്ചു. ശ്വാസംമുട്ട് പോലെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കില്‍ മാത്രം ഹെല്പ് ലൈനില്‍ വിളിച്ചാല്‍ മതി എന്നും, ആംബുലന്‍സ് എത്തി കൊണ്ട് പൊയ്‌ക്കോളുമെന്നും അവര്‍ അറിയിച്ചു. വീട് നമ്പറും ഐഡി നമ്പറും എല്ലാം വാങ്ങി വെച്ചു. അവര്‍ പറഞ്ഞ ഒരു ഹോട്ടലിലേക്ക് വേണമെങ്കില്‍ ഐസോലേഷനില്‍ പോകാനും പറഞ്ഞു.

പക്ഷെ ഞങ്ങളെ ഇവിടെ ഇട്ടിട്ട് പോകാന്‍ പുള്ളി തയാറായിരുന്നില്ല. ഭാര്യയേയും കുട്ടിയെയും കാണാതെ ഇരുന്നാല്‍ ടെന്‍ഷന്‍ കയറി മരിച്ചുപോകും എന്നാണ് അദ്ദേഹം ഹെല്‍ത്ത് മിനിസ്ട്രിയില്‍ നിന്നും വിളിച്ചവരോട് പറഞ്ഞത്. ഒരു രോഗിയുടെ മാനസിക ധൈര്യം ആണല്ലോ ഏറ്റവും വലുത്. മറ്റു കോംപ്ലിക്കേഷന്‍സ് ഒന്നുമില്ലാഞ്ഞതിനാല്‍ അവര്‍ ‘ഹോം ഐസോലാഷനില്‍’ കഴിയാന്‍ അനുവദിച്ചു. പതിനാല് ദിവസം ഞങ്ങള്‍ ആരും പുറത്തിറങ്ങരുത് എന്നും പറഞ്ഞു. രണ്ടു റൂമുള്ള ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിലെ ഒരു മുറിയില്‍ കയറി അദ്ദേഹം വാതിലടച്ചു.. ഇനി പതിനാല് ദിവസം. നിസ്സഹായരായി, തകര്‍ന്ന മനസ്സോടെ ഞാനും മോളും അത് നോക്കി നിന്നു.. ഒരു ഡോക്ടറാണെന്ന കാര്യം പോലും അപ്പോള്‍ ഞാന്‍ മറന്നു.. ആ വാതിലിന് മുന്നില്‍ കുഞ്ഞിനെയും ചേര്‍ത്തുപിടിച്ചു ഞാനിരുന്നു.. കൊറോണയെക്കുറിച്ചു അതു വരെ വായിച്ചു വെച്ച കാര്യങ്ങളെല്ലാം മറന്നു ഞാന്‍..മനസ്സില്‍ ഭയം മാത്രം. ആകെ വല്ലാത്തൊരു അവസ്ഥയിലേക്ക് മനസ്സ് പോകാന്‍ തുടങ്ങിയപ്പോഴാണ് എനിക്ക് ഒരാളുടെ മുഖം ഓര്‍മ്മ വന്നത്. ആയുര്‍വേദ ഡോക്ടര്‍മാരുടെ’കൂടെ’ എന്ന സംരംഭത്തിലൂടെ പകലന്തിയോളം കോവിഡ് വിഭ്രാന്തി അനുഭവിക്കുന്നവര്‍ക്ക് മാനസികമായി സാന്ത്വനം നല്‍ക്കുന്ന Dr.Parasuram Koodery.. ഞാന്‍ അപ്പോള്‍ തന്നെ പരശുറാമിന് എന്റെ വിവരങ്ങള്‍ പറഞ്ഞു ഒരു വോയ്‌സ് മെസ്സേജ് അയച്ചു.

വിവരങ്ങള്‍ കേട്ട ശേഷം Dr. പരശുറാം ഏകദേശം പത്തു മിനിറ്റോളം ദൈര്‍ഘ്യമുള്ള ഒരു വോയ്‌സ് മെസ്സേജ് എനിക്ക് തിരിച്ചയച്ചു. അതെന്നില്‍ സൃഷ്ടിച്ച ധൈര്യവും ആത്മവിശ്വാസവും കുറച്ചൊന്നുമായിരുന്നില്ല. പിന്നീട് ഞങ്ങള്‍ ആദ്യം ചെയ്തത് ന്യൂസ് ചാനലുകള്‍ കാണുന്നത് ഒഴിവാക്കി എന്നതാണ്.. മരണ വിവരങ്ങള്‍ ഹൈലൈറ്റ് ചെയ്ത് പറയുന്നത് കേള്‍ക്കുമ്പോള്‍ നോര്‍മല്‍ ആയ ഒരാള്‍ പോലും അറ്റാക്ക് വന്ന് മരിക്കാന്‍ സാധ്യതയുണ്ട്. പിറ്റേ ദിവസം നേരം പുലര്‍ന്നത് മുതല്‍ ഞാന്‍ മനസ്സ് കൊണ്ട് തയ്യാറെടുത്തു.. കോവിഡിനെ നേരിടുക..എന്റെ ഭര്‍ത്താവിനെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുക.. ആ ധൈര്യം ഞാന്‍ അദ്ദേഹത്തിനും പകര്‍ന്നു കൊടുത്തു. അതുവരെ ഒരുമിച്ചു കഴിഞ്ഞതിനാല്‍ കൊറോണ വൈറസ് എന്റെ ശരീരത്തിലും കയറിയിട്ടുണ്ടാകും എന്ന് ഞാന്‍ ഉറപ്പിച്ചു. ലക്ഷണങ്ങള്‍ ഏതു നിമിഷവും ഞാന്‍ പ്രതീക്ഷിച്ചു. പിന്നീട് ഞങ്ങള്‍ മൂന്ന് പേരും ഒരേ മനസ്സോടെ പോരാടാന്‍ തീരുമാനിച്ചു.. നാട്ടില്‍ വിളിച്ചു അച്ഛനമ്മമാരെ വിവരം അറിയിച്ചു.. ആദ്യം ഭയന്നെങ്കിലും പിന്നീട് ധൈര്യം പകര്‍ന്ന് കുടുംബം ഞങ്ങള്‍ക്കൊപ്പം നിന്നു.. ഞങ്ങള്‍ക്കായി പ്രാര്‍ത്ഥനകളും വഴിപാടുകളും നേര്‍ന്നു.. ഒന്നും സംഭവിക്കില്ല എന്ന് തുടര്‍ച്ചയായി അവര്‍ ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു. ഇവിടെ ഞങ്ങളുമായി നല്ല അടുപ്പം ഉള്ള ഒരു മോഡേണ്‍ മെഡിസിന്‍ ഡോക്ടറുമായി കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍, ഹസ്ബന്‍ഡിന് ചുമയുണ്ടായതിനാല്‍ ചെസ്റ്റ് ഇന്‍ഫെക്ഷന്‍ വരാതിരിക്കാന്‍ ഒരു ആന്റിബയോട്ടിക്ക് കൂടി കഴിക്കുന്നത് നല്ലതാണ് എന്ന് പറഞ്ഞു. ഒരു ദിവസം ഒരു ഗുളിക…മൂന്ന് ദിവസം കഴിച്ചിട്ട് വിവരം അറിയിക്ക് എന്നും പറഞ്ഞു.

കുഞ്ഞും കൂടെ ഉള്ളതിനാല്‍ കോട്ടക്കല്‍ ആയുര്‍വേദ കോളേജിലെ, Dr.Dinesh KS സാറിനെ വിളിച്ചു ഞങ്ങളുടെ അവസ്ഥകള്‍ അറിയിക്കാന്‍ തീരുമാനിച്ചു. കോവിഡ് പോസിറ്റിവ് എന്ന് പറഞ്ഞപ്പോള്‍, ഒട്ടും പേടിക്കേണ്ട എന്ന് പറഞ്ഞാണ് ദിനേശ് സാര്‍ സംസാരിച്ചു തുടങ്ങിയത്..പിന്നീട് സാറിന്റെ നിര്‍ദേശ പ്രകാരമുള്ള ആയുര്‍വേദ മരുന്നുകള്‍ ഞങ്ങള്‍ മൂന്ന് പേരും കഴിച്ചു തുടങ്ങി. ഒരു ജലദോഷം വന്നു എന്ന് മാത്രം കരുതിയാല്‍ മതി എന്നു സാര്‍ ധൈര്യം നല്‍കി. Disposable പാത്രങ്ങളും ഗ്‌ളാസ്സും വാങ്ങി വെച്ചു. അതില്‍ ഹസ്ബന്‍ഡിനുള്ള ഭക്ഷണം വിളമ്പി അദ്ദേഹം കിടക്കുന്ന റൂമിന് മുന്നില്‍ കൊണ്ടു വെച്ചു കൊടുത്തു. ഞാനും മോളും വീടിനുള്ളില്‍ മാസ്‌കും ഗ്ലൗസും ഉപയോഗിച്ചു.. മോളെ കാര്യങ്ങളുടെ ഗൗരവം പറഞ്ഞു മനസ്സിലാക്കി.

ഒട്ടും ഭയക്കേണ്ട, ഞങ്ങള്‍ കൂടെയുണ്ട് എന്ന് പറഞ്ഞു കൊണ്ട് അജ്മാന്‍ കോട്ടക്കല്‍ ആയുര്‍വേദ ട്രീറ്റ്‌മെന്റ് സെന്ററിലെ ഡോക്ടര്‍മാരും എം ഡി യും മാനസിക പിന്തുണ നല്‍കി ഞങ്ങള്‍ക്കൊപ്പം നിന്നു.. ഞങ്ങള്‍ക്കുള്ള എല്ലാ ആയുര്‍വേദ മരുന്നുകളും, വീട്ടു സാധനങ്ങളും അവര്‍ എത്തിച്ചു കൊണ്ടേയിരുന്നു. തുളസിയിലയും, ചെറിയഉള്ളിയും, ഇഞ്ചിയും മല്ലിയും ചതച്ചിട്ട് വെള്ളം തിളപ്പിയ്ച്ചു ചൂടോടെ ഇടയ്ക്കിടയ്ക്ക് ഞാന്‍ അദ്ദേഹത്തിന് കൊടുത്തുകൊണ്ടിരുന്നു, ഒപ്പം ഞാനും മോളും അത് കുടിച്ചു.. ഞാന്‍ വിറ്റാമിന്‍ സി ഗുളികയും കഴിച്ചു. ജൂണ്‍ ഒന്‍പതിന് ന് രാത്രി അദ്ദേഹത്തിന് ശക്തമായ ചുമയും ചെറിയ ശ്വാസതടസ്സവും അനുഭവപ്പെട്ടു.. കൂടുകയാണെങ്കില്‍ ആംബുലന്‍സ് വിളിച്ചു ഹോസ്പിറ്റലില്‍ പോകാം എന്ന് കരുതി.. പക്ഷെ അതിന്റെ ആവശ്യം വന്നില്ല..അത് താനെ കുറഞ്ഞു. ജൂണ്‍ പത്തു മുതല്‍ ഞാന്‍ തിരിച്ചറിഞ്ഞു, എനിക്കും ഗന്ധവും രുചിയും അറിയുവാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു.. കൊറോണ വൈറസ് എന്റെ ശരീരത്തിലും പണി തുടങ്ങിയിരിക്കുന്നു എന്ന്. ദൈവാനുഗ്രഹവും കുടുംബത്തിന്റെ പ്രാര്‍ത്ഥനയും കൊണ്ടാകാം ആ സമയം എനിക്ക് ഒരു ഭയവും തോന്നിയില്ല.. കുഞ്ഞിന് വരരുതെന്ന് മാത്രം പ്രാര്‍ത്ഥിച്ചു.. അദ്ദേഹത്തോട് ഇത് പറയാന്‍ തോന്നിയില്ല.. വെറുതെ ടെന്‍ഷന്‍ ആക്കണ്ട എന്ന് കരുതി..

പിറ്റേ ദിവസം എനിക്ക് മൂക്കടപ്പ് പോലെ വന്നു.. പിന്നെ ഒന്നും ചിന്തിച്ചില്ല, PCR ടെസ്റ്റ് ചെയ്തു. അടുത്ത ദിവസം റിസള്‍ട്ട് എന്റെ മൊബൈലിലേക്ക് വന്നു. ‘ഞാനും കോവിഡ് പോസിറ്റിവ്..’ പ്രതീക്ഷിച്ചു ഇരുന്നതിനാല്‍ പ്രത്യേകിച്ചു ഒന്നും തോന്നിയില്ല..അദ്ദേഹത്തോട് പറഞ്ഞ അതേ കാര്യങ്ങള്‍ MOH എന്നോടും പറഞ്ഞു. ഇത് അദ്ദേഹത്തോട് പറഞ്ഞാല്‍ പേടിക്കുമോ, അസുഖം കൂടുമോ എന്നൊക്കെ ഞാന്‍ സംശയിച്ചു.. അതിനാല്‍ ചിരിച്ചു കൊണ്ട് തന്നെ പറയാമെന്ന് കരുതി. ‘അതേയ് കൂട്ടിനാളുണ്ട്. ഞാനും പോസിറ്റിവാണ്. ഇനി പതിനാല് ദിവസം ഒറ്റയ്ക്കായി എന്ന് കരുതണ്ട..’ ആദ്യം ഒന്ന് വിഷമിച്ചെങ്കിലും പിന്നീട് അദ്ദേഹവും അതൊരു ചിരിയോടെ നേരിട്ടു. പിന്നീട് ഞങ്ങള്‍ കൊറോണ,കോവിഡ് എന്നീ പേരുകള്‍ ജീവിതത്തില്‍ നിന്നും മായ്ച്ചു കളഞ്ഞു. വന്നത് വെറുമൊരു ജലദോഷം എന്ന് മനസ്സില്‍ ഉറപ്പിച്ചു.. നന്നായി പ്രാര്‍ത്ഥിച്ചു. അദ്ദേഹം ആന്റിബയോട്ടിക് മൂന്ന് ഗുളികകള്‍ കോഴ്‌സ് പൂര്‍ത്തിയാക്കി നിര്‍ത്തി. ആയുര്‍വേദ മരുന്നുകള്‍ തുടര്‍ന്നു കൊണ്ടിരുന്നു. എട്ട് ദിവസത്തോളം അദ്ദേഹത്തിന് ആ ചുമയും അസ്വസ്ഥയും ഉണ്ടായിരുന്നെങ്കിലും ഓരോ ദിവസം കഴിയും തോറും അതിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വരുകയായിരുന്നു.

എന്റെ കോവിഡ് ലക്ഷണങ്ങള്‍ എന്നത്, ഏഴു ദിവസത്തോളം രുചിയും മണവും അറിഞ്ഞില്ല, ആദ്യ രണ്ടു ദിവസം ചെറിയ മൂക്കടപ്പ്, പിന്നെ വല്ലപ്പോഴും രാവിലെ എണീക്കുമ്പോള്‍ മാത്രം ഒരു ഡ്രൈ കഫ്, ക്ഷീണം…എന്നിവയായിരുന്നു.. എനിക്ക് പനിച്ചിട്ടില്ല.. ദൈവാനുഗ്രഹത്താല്‍ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. ഞങ്ങള്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉപയോഗിച്ചു. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിച്ചു.. എല്ലാം എത്തിച്ചു തരാന്‍ ആളുണ്ടായിരുന്നു. വൈറസ് നോട് പോരാടി നില്‍ക്കുവാനുള്ള ശക്തി പകര്‍ന്നുകൊണ്ട് ആയുര്‍വേദ മരുന്നുകളും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു ..ആ മരുന്നുകള്‍ അവയുടെ ധര്‍മ്മം കൃത്യമായി നിര്‍വഹിച്ചു. തുളസിയും, ഉള്ളിയും ,മല്ലിയും, മഞ്ഞളും ഇട്ടു തിളപ്പിച്ച വെള്ളം ഇടയ്ക്കിടയ്ക്ക് കുടിച്ചു. ജോലി ചെയ്യുന്ന ഹോസ്പിറ്റലിന്റെ MD യുടെ വീട്ടില്‍ നിന്നും കൊണ്ടു വന്നിരുന്ന ചോറും കറികളും ആ സമയത്തു വലിയ ആശ്വാസമായി. എല്ലാ ദിവസവും ഞങ്ങള്‍ ഒരുപാട് കോമഡി സിനിമകള്‍ കണ്ടു. ടിക് ടോക്കുകള്‍ ചെയ്തു.. പരസ്പരം തമാശകള്‍ പറഞ്ഞു.. ചിരിച്ചു. ഭയം എന്ന വികാരത്തെ അടുപ്പിക്കാതെ അകറ്റി നിര്‍ത്തി. കോവിഡ് ബാധിതരാണെന്നു,ഞങ്ങളുടെ കുടുംബത്തിനും പിന്നെ ഇവിടെ ഏറ്റവും അടുത്ത കുറച്ചു സുഹൃത്തുക്കള്‍ക്കും മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ…അതുകൊണ്ട് തന്നെ അസുഖം എങ്ങനെയുണ്ട് എന്ന ചോദ്യം എവിടെ നിന്നും കേള്‍ക്കേണ്ടി വന്നില്ല..

ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അസുഖം തുടങ്ങി ആദ്യത്തെ ഏഴ് ദിവസം രുചിയും മണവും അറിഞ്ഞിരുന്നില്ല.. അന്നൊക്കെ കഴിക്കുന്ന ഭക്ഷണത്തിന് ഉപ്പാണോ പുളിയാണോ എന്നൊക്കെ പറഞ്ഞു തന്നിരുന്നത് മോളാണ്…എന്തോ മഹാഭാഗ്യം,അവള്‍ക്ക് ഒന്നും വന്നില്ല. അങ്ങനെ ആ ദിവസങ്ങളും ഞങ്ങള്‍ കടന്നു പോയി… പതിനാല് ദിവസത്തിന് ശേഷം ഒരു ദിവസം (June 22) ഹസ്ബന്‍ഡ് ന് ചുമ വന്നപ്പോള്‍ അദ്ദേഹത്തിന്റെ chest xray എടുത്തു നോക്കി..പേടിക്കാന്‍ ഒന്നുമില്ല.. infection ഒന്നുമില്ല എന്നറിഞ്ഞപ്പോള്‍ സമാധാനമായി… ഇപ്പോള്‍ ചുമയൊന്നും ഇല്ല.. ജൂണ്‍ 27 ന് എനിക്കും പതിനാല് ദിവസങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ ദിവസം ഞങ്ങള്‍ ഹോസ്പിറ്റലില്‍ പോയി ചെക്ക് അപ്പ് ചെയ്തു, രണ്ട് പേര്‍ക്കും ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റും കിട്ടി..ഇനി ഞങ്ങള്‍ ഫ്രീ ആണ് എന്ന് അധികൃതര്‍ അറിയിച്ചു. ലോകം മുഴുവന്‍ ഭീതിയോടെ കണ്ട ആ മഹാമാരി വരാതിരിയ്ക്കുവാന്‍ പരമാവധി ശ്രദ്ധിച്ചു.. പക്ഷെ വന്നു.. ആദ്യം ഒന്നു പതറിയെങ്കിലും പിന്നീട് ധൈര്യമായി നേരിട്ടു.. പോസിറ്റിവ് മനസ്സോടെ പതിനാല് ദിവസങ്ങള്‍ തള്ളി നീക്കി… ഇനിയങ്ങോട്ട് ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു..പ്രാര്‍ത്ഥിക്കുന്നു..

ഞങ്ങളിലൂടെ ആ വൈറസ് മറ്റൊരാള്‍ക്കും കിട്ടിയില്ല എന്ന സന്തോഷം എന്നും ഞങ്ങളോടൊപ്പം ഉണ്ടാകും. ഈശ്വരന്, കുടുംബത്തിന്,മാനസിക പിന്തുണ നല്കിയവര്‍ക്ക്,എല്ലാം എത്തിച്ചു തന്ന സുഹൃത്തുക്കള്‍ക്ക്,
പ്രാര്‍ത്ഥിച്ചവര്‍ക്ക്, എല്ലാവര്‍ക്കും നന്ദി. പിന്നെ ഓരോ മനുഷ്യരുടെയും ശരീരത്തിന്റെ അവസ്ഥകള്‍ക്കനുസരിച്ചു അസുഖത്തിന്റെ തീവ്രത കൂടിയും കുറഞ്ഞും ഇരിക്കും.ചിലര്‍ ഒരു ലക്ഷണങ്ങളും കാണിക്കാതെയും ഇരിക്കും.. വന്നു കഴിഞ്ഞാല്‍ അവരവരുടെ ശാരീരിക അവസ്ഥകള്‍ക്കനുസരിച്ചുള്ള ചികിത്സ തേടുക..എല്ലാ മേഖലയിലുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക..ആര്‍ക്കും വരാതിരിക്കട്ടെ. എല്ലാവരും പറയും പോലെ. When we are Positive, Corona result will be Negative.

https://www.facebook.com/smitha.dimju/posts/3960387867368681