കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ പുണ്യമാണ് ഈ ഭാഗ്യം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50 കോടി സമ്മാനം നേടിയ മലയാളി പറയുന്നു

അബുദാബി: പലപ്പോഴും മലയാളികളെ കടാക്ഷിക്കാറുള്ള അബുദാബി ഭാഗ്യ ദേവത ഇക്കുറിയും മലയാളിയെ അനുഗ്രഹിച്ചിരിക്കുകയാണ്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50.66 കോടി രൂപയാണ് മലപ്പുറം സ്വദേശിയുടെ പേരില്‍ 15 പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് അടിച്ചത്. തിരൂര്‍ കടുങ്ങാക്കുണ്ട് വരസനാല്‍ മുക്കിലപീടിക ചെറവല്ലൂര്‍ സ്വദേശി മൂത്താട്ട് വാസുണ്ണിയുടെ മകന്‍ ഹരിദാസും മറ്റ് 12 മലയാളികളും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും ഒരു പാക്കിസ്ഥാനിയും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്.

അല്‍ഐനില്‍ ഫയര്‍ അലാറം, ഫയര്‍ ഫൈറ്റിങ് സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയാണ് ഹരിദാസ്. കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ പുണ്യമാണ് ഈ ഭാഗ്യം. അമ്മേ രക്ഷിക്കണേ എന്നും സമ്മാനം ലഭിച്ചാല്‍ തന്റെ 8 സെന്റ് ഭൂമി നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് ടിക്കറ്റെടുത്തത്. വാക്കു പാലിക്കും. -ഹരിദാസന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. ജീവിതത്തില്‍ എത്ര അധ്വാനിച്ചാലും ഇത്ര തുക കിട്ടില്ല. സമ്മാനത്തുക എന്തുചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പറഞ്ഞു.

2008 മുതല്‍ ഹരിദാസന്‍ യുഎഇയില്‍ ഉണ്ട്. കൂട്ടുകാരുമായി ചേര്‍ന്ന് പതിവായി ടിക്കറ്റ് എടുക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. അമ്മ ശോഭന, ഭാര്യ ശില്‍പ, മകന്‍ അഭിനവ് എന്നിവരടങ്ങുന്നതാണ് കുടുംബം. രണ്ടാം സമ്മാനമായ 20 ലക്ഷം ദിര്‍ഹം (നാലു കോടി രൂപ) ഇന്ത്യക്കാരനായ അശ്വിന്‍ അരവിന്ദാക്ഷന് ലഭിച്ചു. ഇത്തവണത്തെ മറ്റു സമ്മാന ജേതാക്കളെല്ലാം ഇന്ത്യക്കാരാണ്. ഇവരില്‍ മലയാളികളുമുണ്ട്.