അമ്മയെ ഒഴിവാക്കി ബാക്കി നാലുപേര്‍ക്കും വിഷം നല്‍കി; മരണം ഉറപ്പാക്കിയ ശേഷം മണിക്കുട്ടന്‍ തൂങ്ങിമരിച്ചു; ചാത്തന്‍പാറയിലെ കൂട്ടമരണത്തില്‍‌ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കല്ലമ്ബലം: ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്ന് പൊലീസ്. മറ്റുള്ളവര്‍ക്ക് വിഷം കൊടുത്ത് മരണം ഉറപ്പാക്കിയ ശേഷം മണിക്കുട്ടന്‍ ജീവനൊടുക്കി എന്ന നിഗമനത്തിലാണ് പൊലീസ്. കടബാധ്യതയും കുടുംബ അംഗങ്ങള്‍ക്ക് ഉണ്ടായ അസുഖങ്ങളുമാണ് കൂട്ടമരണത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് ഗൃഹനാഥന്‍ മണിക്കുട്ടന്‍(46)തൂങ്ങി മരിച്ച നിലയിലും ഭാര്യ സന്ധ്യ(38)മക്കള്‍ അജീഷ്(15)അമേയ(13),മണികുട്ടന്റെ അമ്മയുടെ സഹോദരി ദേവകി(80)എന്നിവരെ കിടക്കയില്‍ മരിച്ച നിലയിലും കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന മണിക്കുട്ടന്റെ അമ്മ വാസന്തി(85)മാത്രമാണ് കൂട്ട മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

തമിഴ്നാട്ടില്‍ 12 ലക്ഷത്തോളം രൂപയ്ക്ക് പാട്ടത്തിനെടുത്ത മാമ്ബഴ തോട്ടം കോവിഡ് കാരണം പ്രതിസന്ധിയിലായത് കടബാധ്യത ഉണ്ടാക്കി എന്നാണ് സൂചന. മൂത്ത സഹോദരന്റെ പേരില്‍ ഉണ്ടായിരുന്ന വീടും പുരയിടവും 8 ലക്ഷം രൂപയ്ക്ക് വാങ്ങി 5 ലക്ഷത്തോളം രൂപ ചെലവിട്ടു നവീകരിച്ചിരുന്നു. ഇതിലും ബാധ്യത ഉണ്ടായി. തടി ബിസിനസ് തുടങ്ങി എങ്കിലും പ്രതീക്ഷിച്ചപോലെ വിജയിച്ചില്ല. വിവിധ ആവശ്യങ്ങള്‍ക്കായി എടുത്ത വായ്പകളുടെ തിരിച്ചടവും മുടങ്ങി. മകള്‍ അമേയ കലശലായ ശ്വാസം മുട്ടലിന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.

ഭാര്യ സന്ധ്യയ്ക്ക് ഗര്‍ഭാശയ സംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ ആവശ്യമായിരുന്നു. മണിക്കുട്ടന് വൃക്കയില്‍ കല്ലിന്റെ അസുഖവും അലട്ടിയിരുന്നു. ഒരാഴ്ച മുന്‍പ് ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗത്തിന്റെ പരിശോധനയും പിഴയും നേരിട്ടിരുന്നു. ഈ വിഷമങ്ങള്‍ എല്ലാം നേരിട്ട മണിക്കുട്ടന്‍ ബാക്കിയുള്ളവര്‍ക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ദമ്ബതികള്‍ക്കിടയില്‍ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നതടക്കം വിശദമായ അന്വേഷണം നടത്തുമെന്ന് വര്‍ക്കല ഡിവൈഎസ്പി പി.നിയാസ് അറിയിച്ചു.