കേരളത്തിലെ തെരുവ് നായകളെ കൂട്ടത്തോടെ കൊല്ലുന്നു; ആശങ്ക അറിയിച്ച് കെഎല്‍ രാഹുല്‍

മുംബൈ. കേരളത്തില്‍ തെരുവ് നായശല്യം വര്‍ദ്ധിക്കുന്നതിനിടെ കേരളത്തിനെതിരെ ദുഷ്പ്രചാരണവുമായി ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍. കേരളത്തില്‍ തെരുവ് നായകളെ കൂട്ടത്തോട് കൊല്ലുകയാണെന്നും ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കെഎല്‍ രാഹുല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കേരളത്തിനെതിരെ ദുഷ്പ്രചാരണം നടത്തിയത്. സോഷ്യല്‍മീഡിയയില്‍ കെഎല്‍ രാഹുലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

തെരുവ് നായകളുടെ ശല്യം രൂക്ഷമായതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും നായകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ആശങ്കയറിയിച്ച് നിരവധി വ്യക്തികള്‍ രംഗത്തെത്തിയിരുന്നു. മുമ്പ് ക്രിക്കറ്റ് താരം ശിഖര്‍ ധവാനും തെരുവ് നായകളെ കൊല്ലരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ ഭയാനകമായ കാര്യങ്ങളാണ് സംഭവിക്കുന്നെന്ന് ശിഖര്‍ ധവാന്‍ ട്വിറ്ററില് കുറിച്ചു. കേരളത്തില്‍ തെരുവ്‌നായകളെ കൂട്ടത്തോടെ കൊല്ലുന്നത് ഒഴിവാക്കണമെന്ന് ധവാന്‍ ആവശ്യപ്പെട്ടു.

അതേസമയം സംസ്ഥാനത്ത് ഈ വര്‍ഷം 21 പേര്‍ പേവിഷബാധയേറ്റ് മരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ മരിച്ചവരില്‍ 15 പേര്‍ വാക്സിന്‍ എടുത്തവരാണെന്നും എല്ലാ മരണങ്ങളും വിദഗ്ധ സമിതി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെരുവുനായകളെ കൊന്നുടുക്കി പ്രശ്നത്തിന് പരിഹാരം കാണുവാന്‍ സാധിക്കില്ലെന്നും അത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് തെരുവ് നായകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുന്നതും തെരുവ്നായകള്‍ക്ക് കഴിക്കുവാന്‍ പാകത്തില്‍ ഇത്തരം മാലിന്യം ലഭിക്കുന്നതുമാണ് തെരവ്നായകള്‍ വര്‍ദ്ധിക്കുവാന്‍ കാരണം. ഇക്കാര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ബോധവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.