അച്ചാച്ചന്‍ ജീവനില്ലാതെ കിടക്കുന്നതു കാണാന്‍ വയ്യ, കണ്ടാല്‍ ഞാനും മരിച്ചുപോവും, നീതികാത്ത് ഷീബയും മത്തായിയുടെ മൃതദേഹവും

പത്തനംതിട്ട: കോവിഡ് കേരളത്തെ വരിഞ്ഞ് മുറുകുമ്പോഴും വെള്ളപ്പൊക്കവും മറ്റ് ദുരന്തങ്ങളും വന്ന് പോയെങ്കിലും ഒരു മൃതദേഹം 17 ദിവസമായി മോര്‍ച്ചറിയുടെ തണുപ്പില്‍ ഇരിക്കുകയാണ്. നീതി ലഭിക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഷീബ. ഷീബയ്ക്ക് തന്റെ ജീവന്റെ പാതിയായ അച്ചാച്ചനെ ആരാണ് ഇല്ലാതാക്കിയതെന്ന് അറിയണം അവര്‍ക്ക് ശിക്ഷ ലഭിക്കണം. അതിന് ശേഷമേ ജഡം മറവ് ചെയ്യൂ എന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ഷീബ.

വനം വകുപ്പിന്റെ കസ്റ്റഡിയില്‍ ഇരിക്കെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കര്‍ഷകന്‍ ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറെ ചെരുവില്‍ പി പി മത്തായിയുടെ ഭാര്യയാണ് ഷീബ. 28നാണ് മത്തായിയെ മരിച്ച നിലയില്‍ കണ്ടത്തിയത്. മൃതദേഹം ഇപ്പോഴും റാന്നി മാര്‍ത്തോമാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ”മോര്‍ച്ചറിയില്‍ ചെന്നു മൃതദേഹം കാണാന്‍ പലരും പറഞ്ഞു. പക്ഷേ, അച്ചാച്ചന്‍ ജീവനില്ലാതെ കിടക്കുന്നതു കാണാന്‍ വയ്യ. കണ്ടാല്‍ ഞാനും മരിച്ചുപോയേക്കാം. ഇനിയെങ്കിലും എന്റെ ഭര്‍ത്താവിന്റെ മൃതദേഹത്തോട് ആദരം കാട്ടാന്‍ സര്‍ക്കാര്‍ തയാറാകണം. അദ്ദേഹത്തെ എത്രയും പെട്ടെന്ന് സംസ്‌കരിക്കാന്‍ കഴിയണേ എന്നാണു പ്രാര്‍ഥന.”- ഷീബ പറയുന്നു. എന്തു തെറ്റിനാണ് അദ്ദേഹത്തെ കൊന്നതെന്നു വനപാലകര്‍ പറയണം. കൊന്നതാണെന്നു തെളിവു കിട്ടിയിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. സര്‍ക്കാരില്‍നിന്നു നീതി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചു. കുടുംബത്തിന്റെ സൗകര്യം പോലെ സംസ്‌കാരം നടത്തണമെന്ന വനംമന്ത്രി കെ. രാജുവിന്റെ പ്രതികരണം വല്ലാതെ വേദനിപ്പിച്ചു.- ഷീബ പറഞ്ഞു.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മത്തായിയും ഷീബയും വിവാഹിതര്‍ ആയത്. നാല് വയസ്സുള്ള ഇളയവള്‍ ഡോണ എപ്പോഴും പപ്പയെ തിരക്കും. മൂത്തമകള്‍ സോനയ്ക്ക് എട്ട് വയസ്സായി. പ്രായമായ അമ്മ, ഭര്‍ത്താവ് മരിച്ച സഹോദരിയും രണ്ട് മക്കളും, വീല്‍ ചെയറില്‍ കഴിയുന്ന മറ്റൊരു സഹോദരിയും മത്തായിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. അന്ത്യശുശ്രൂഷാ ചടങ്ങുകള്‍ക്കായി വെള്ളത്തുണി വിരിച്ച കട്ടില്‍ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. അതിനു തലയ്ക്കലെ കുരിശിനു മുന്നില്‍ മക്കള്‍ക്കൊപ്പം മെഴുകുതിരി കൊളുത്തി ഷീബ ദിവസവും പ്രാര്‍ഥിക്കുന്നു. ”ഈ വേദന ഭൂമിയില്‍ മറ്റൊരു പെണ്ണിനുമുണ്ടാകരുതേ…”