പിശകുണ്ടായെന്ന പരാതി, ഇടുക്കി ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കൈവശമുള്ള അധികഭൂമി വീണ്ടും അളക്കും

കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കും. അടുത്തയാഴ്ച ഹെഡ് സർവ്വേയറുടെ നേതൃത്വത്തിൽ ഉടമകളുടെ സാന്നിധ്യത്തിലാണ് ഭൂമി അളക്കുക. മുമ്പ് ഭൂമി അളന്നപ്പോൾ മാത്യു കുഴൽനാടന് അധിക ഭൂമിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. പിശകുണ്ടായെന്ന് മാത്യു കുഴൽനാടന്റെ പാർട്ണർമാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് വീണ്ടും അളക്കാൻ തീരുമാനിച്ചത്.
പാര്‍ട്ണര്‍മാരായ ടോണി സാബു ,ടോം സാബു എന്നിവരാണ് തഹസില്‍ദാരുടെ മുന്നില്‍ ആവശ്യം ഉന്നയിച്ചത്.

50 സെന്റ് ഭൂമി അധികമായുണ്ടെന്നായിരുന്നു മുന്‍പ് നടത്തിയ സര്‍വെയിലെ കണ്ടെത്തല്‍. റിസോര്‍ട്ട് ഭൂമിയില്‍ 50 സന്റ് പുറമ്പോക്കെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇത് ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ താന്‍ ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ മാത്യു കുഴല്‍നാടന്റെ പ്രതികരണം. നേരത്തെയുണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്തി. 50 ഏക്കര്‍ സ്ഥലം പിടിച്ചെടുത്താലും പിന്നോട്ടില്ല. സുഹൃത്തിന്റെ പക്കല്‍ നിന്നാണ് സ്ഥലം വാങ്ങിയത്. തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന സമയത്താണ് സ്ഥലം വാങ്ങിയത്. സ്ഥലം അളക്കേണ്ടതില്ലെന്ന് തോന്നിയെന്നും മാത്യുകുഴല്‍നാടന്‍ പറഞ്ഞിരുന്നു.