കര്‍ഷക പ്രക്ഷോഭം; സിംഗു അതിര്‍ത്തിയില്‍ മാധ്യമ വിലക്ക്

കര്‍ഷക പ്രക്ഷോഭം നടന്നു കൊണ്ടിരിക്കുന്ന സിംഗു അതിര്‍ത്തിയില്‍ മാധ്യമങ്ങളെ ഡല്‍ഹി പൊലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ വച്ചാണ് പൊലീസ്  മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചാണ് മാധ്യമങ്ങളെ തടയുന്നതെന്നു പൊലീസ് പറഞ്ഞു. സംഘർഷാവസ്ഥ കണക്കിലെടുത്തു പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിച്ചു. ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ പ്രക്ഷോഭ സ്ഥലത്ത് നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കില്ല.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക നേതാക്കള്‍ ഉപവാസം തുടരുകയാണ്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് വൈകിട്ട് അഞ്ച് വരെയാണ് കർഷകർ നിരാഹാര സത്യഗ്രഹം നടത്തുന്നത്. സമരകേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ പോലീസ് അതീവജാഗ്രത തുടരുകയാണ്.