ജീവിക്കാൻ സംഗീത സംവിധായകന്റെ വരുമാനം മാത്രം മതിയാകില്ല, റിയാലിറ്റി ഷോകൾ നടത്തുന്നത് ഗതികേട് കൊണ്ടാണെന്ന് എം. ജയചന്ദ്രൻ

മലയാള സിനിമയിൽ ഇനി പാടില്ലെന്ന വിജയ് യേശുദാസിന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് മലയാള സിനിമ ലോകം കേട്ടത്. തുടർന്ന് വിജയ് യേശുദാസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്ത് വന്നിരുന്നു. ഈ സംഭവത്തിൽ തന്റെ അഭിപ്രായം വെളിപ്പെടുത്തുകയാണ് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. ജീവിക്കാൻ സിനിമാ സംഗീത സംവിധായകന്റെ വരുമാനം മാത്രം മതിയാകില്ലെന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കുന്നത്.

സംഗീതസംവിധായകർ തന്നെയാണ് മലയാള സിനിമയിൽ ഏറ്റവും ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്നവർ. വ്യാവസായികമായി മലയാള സംഗീതത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പ്രൊഡ്യൂസർമാർക്ക് അതിലപ്പുറം ചെലവാക്കാനാകാത്ത അവസ്ഥയും ഉണ്ട്. കന്നടയോ തെലുങ്കോ ഹിന്ദിയോ ഒക്കെ വച്ച് നോക്കുമ്പോൾ അവർക്കു കിട്ടുന്നതിന്റെ പത്തു ശതമാനമെങ്കിലും കിട്ടാൻ നമ്മൾ അർഹരല്ലേ എന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. വലിയ കഷ്ടമാണതിനെന്നും ജയചന്ദ്രൻ തുറന്ന് പറയുന്നു.

ഹിറ്റ് പാട്ട് വേണം അല്ലെങ്കിൽ വ്യത്യസ്തമായ പാട്ട് വേണം എന്നല്ലേ എല്ലാവരും പറയാറുള്ളത്. സിനിമ എന്നത് കൊമേഴ്സ്യൽ മീഡിയം തന്നെയാണ്. പുണ്യം നേടാനല്ലല്ലോ സിനിമ ചെയ്യുന്നതെന്നും ആ അധ്വാനത്തിനുള്ള മാന്യമായ, ന്യായമായ പ്രതിഫലം മാത്രമാണ് ആവശ്യപ്പെടുന്നത്. കൂടുതലൊന്നും വേണ്ടെന്നാണ് ജയചന്ദ്രൻ പറയുന്നത്. ജീവിതം മുന്നോട്ടു പോകാൻ സിനിമയിൽ നിന്നുള്ള വരുമാനം മാത്രം മതിയാകാതെ വരുന്നതുകൊണ്ടാണ് മറ്റു പരിപാടികളും റിയാലിറ്റി ഷോകളും ഏൽക്കുന്നത്. അത് മലയാളത്തിലെ സംഗീതസംവിധായകരുടെ ഗതികേടാണെന്നും ജയചന്ദ്രൻ പറയുന്നു.

മലയാളത്തില്‍ ബാബുരാജ് മുതൽ രവീന്ദ്രൻ മാസ്റ്ററോ ജോൺസൺ മാസ്റ്ററോ വരെയുള്ളവരെല്ലാം സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിയവരാണ്. ഗായകർക്ക് പിന്നെയും ഗുണങ്ങളുണ്ട്. അവർ ചോദിക്കുന്ന പണം കിട്ടുന്നുണ്ട്. പലപ്പോഴും അത് സംഗീതസംവിധായകർ തന്നെ കൈയിൽ നിന്ന് നൽകേണ്ട അവസ്ഥയുമുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും സംഗീതത്തോടുള്ള പാഷനാണ് ഈ രംഗത്ത് തുടരാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.