കേദര്‍നാഥ് യാത്രയില്‍ രാഷ്ട്രീയം കൂട്ടിച്ചേര്‍ക്കേണ്ട, അത് വ്യക്തിപരമെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുന്നോടിയായി നടത്തിയ കേദര്‍നാഥ് തീര്‍ത്ഥാടന യാത്രയില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേദര്‍നാഥ് യാത്ര വ്യക്തിപരമായിരുന്നെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷമുള്ള ആദ്യ മന്‍കി ബാത്തിലായിരുന്നു മോദിയുടെ വിശദീകരണം. ജലസംരക്ഷണത്തില്‍ ഊന്നിയാണ് ഇത്തവണത്തെ മന്‍ കി ബാത്ത് പരിപാടി അവതരിപ്പിച്ചത്.

ജലസംരക്ഷത്തിനായി സ്വഛ് ഭാരതിന് സമാനമായ ദേശീയ മുന്നേറ്റങ്ങള്‍ ആരംഭിക്കേണ്ടി വരുമെന്നാണ് മോദി പറഞ്ഞത്. ഞാന്‍ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ത്ഥിക്കുന്നു. പ്രമുഖരായിട്ടുള്ള ആളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ജല സംരക്ഷണത്തെ കുറിച്ച് ബോധവത്കരണം നടത്തണമെന്നും ഇതിനുവേണ്ടി പരമ്ബരാഗതമായി ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള അറിവുകള്‍ ദയവ് ചെയ്ത് പങ്കുവെക്കണമെന്നും മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
തമിഴ്നാട്, രാജസ്ഥാന്‍ തുടങ്ങിയ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങള്‍ കടുത്ത വരള്‍ച്ച നേരിടുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം. ജനങ്ങളില്‍ തനിക്ക് എല്ലായ്പ്പോഴും വിശ്വാസം ഉണ്ടായിരുന്നുവെന്ന് പറഞ്ഞാണ് ഇത്തവണത്തെ മന്‍ കി ബാത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.