ഐ എന്‍ എസ് വിക്രാന്തില്‍ മോഹന്‍ലാല്‍,​ അഭിമാന നിമിഷമെന്ന് സൂപ്പര്‍താരം

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് കാണാന്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ എത്തി. വൈകിട്ട് നാലുമണിയോടെയാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വിക്രാന്ത് കാണാന്‍ മോഹന്‍ലാല്‍ എത്തിയത്. നാവികസേനയും കൊച്ചിന്‍ കപ്പല്‍ശാലയും സംയുക്തമായി ഐ.എന്‍.എസ് വിക്രാന്ത് സന്ദര്‍ശിക്കാന്‍ മോഹന്‍ലാലിനെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് മോഹന്‍ലാല്‍ എത്തിയത്.

നാവികസേനയിലെയും കപ്പല്‍ശാലയിലെയും ഉദ്യോഗസ്ഥരുമായും ജീവനക്കാരുമായും അദ്ദേഹം സംസാരിച്ചു. നാവികസേനയും കപ്പല്‍ശാലയും മോഹന്‍ലാലിന് ഉപഹാരം സമ്മാനിച്ചു. നടനും സംവിധായകനുമായ മേജര്‍ രവിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഐ.എന്‍.എസ് വിക്രാന്തിലെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. വിക്രാന്ത് സന്ദര്‍ശിക്കാന്‍ സാധിച്ചത് അഭിമാനമെന്ന് മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. കഴിഞ്ഞ മാസമാണ് ഐ.എന്‍.എസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറിയത്.

വിക്രാന്ത് നാവികസേനയുടെ ഭാഗമാകുന്നതോടെ തദ്ദേശീയമായി വിമാന വാഹിനി രൂപകല്‍പന ചെയ്തു നിര്‍മിക്കാന്‍ ശേഷിയുള്ള, ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേക്കാണ് ഇന്ത്യ എത്തുന്നത്. വിമാനവാഹിനി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയെന്ന നേട്ടത്തിലേക്കു കൊച്ചിയുടെ സ്വന്തം ഷിപ്‌യാഡും എത്തും. 2009ലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 76 ശതാമനം ഇന്ത്യന്‍ നിര്‍മിത വസ്തുക്കളാണ് കപ്പലിന്‍്റെ നി‍ര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ഈ കൂറ്റന്‍ യുദ്ധക്കപ്പലിന് ശേഷിയുണ്ട്.