ലോക്ക്ഡൗണ്‍, അമ്മ കാസര്‍കോട്ടും മൂന്ന് വയസുകാരന്‍ മകന്‍ വയനാട്ടിലും, നിര്‍ത്താത്ത കരച്ചില്‍

കാസര്‍കോട്: ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്. രാജ്യത്ത് വൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ പൊതു ഗതാഗത സംവിധാനങ്ങളും അവസാനിച്ചു. കേരളത്തില്‍ തന്നെ ഇതോടെ പല ജില്ലകളില്‍ കുടുങ്ങി പോയവരുണ്ട്. ഇത്തരത്തില്‍ ഒരു അമ്മ തന്റെ പൊന്നുമോനെ പിരിഞ്ഞിരിക്കാന്‍ തുടങ്ങിയിട്ട് 21 ദിവസങ്ങളായി. ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ അമ്മ കാസര്‍കോടും മൂന്ന് വയസുകാരന്‍ മകന്‍ വയനാട്ടിലും ആയി പോവുകയായിരുന്നു. കാസര്‍കോടുള്ള സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ടി എസ് നിതാരയാണ് കാസര്‍കോട്ട് പെട്ട് പേയാത്.

‘എന്റെ പൊന്നുമോന്റെ അടുത്ത് ഒന്നു പോകണം. 21 ദിവസമായി അവന്‍ അച്ഛനെയും അമ്മയെയും കണ്ടിട്ട്. ഫോണിലൂടെ മകന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയില്ല. എല്ലാവരും കൂടി എന്നെ ഒന്നു സഹായിക്കണം’- നിതാര പറയുന്നു. ടി .എസ്. നിതാരയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ടി. വി. സുജിത്തും വിദ്യാനഗറിലെ ഐ ടി ഐ റോഡിലെ വീട്ടിലാണു താമസം. ഇവരുടെ മകനാണ് മൂന്ന് വയസുകാരനായ റിച്ചു.

സിവില്‍ സ്‌റ്റേഷനിലെ ഡേ കെയറിലാക്കിയതിന് ശേഷമാണ് നിതാരയും സൂരജും ജോലിക്ക് പോകുന്നത്. ഡേ കെയര്‍ 11 അടച്ചു. ഇതോടെ ഇരുവരും മാറി മാറി മകനെ നോക്കി വരികയായിരുന്നു. ഇരുവര്‍ക്കും അവധിയില്ലാത്തതിനാല്‍ ജനത കര്‍ഫ്യൂവിന്റെ തലേ ദിവസം റിച്ചുവിനെ നിതാരയുടെ പിതാവ് മാനന്തവാടി വിന്‍സന്റ് ഗിരിപുതിയടത്ത് മീത്തല്‍ ശശിയോടൊപ്പം വയനാട്ടിലെ വീട്ടിലേക്ക് അയച്ചു. അടുത്ത ദിവസം ലോക്ഡൗണ്‍ തുടങ്ങിയതോടെ മകന്റെ അടുത്തു പോകാനോ തിരികെ കൊണ്ടു വരാനോ നിതാരയ്ക്കും സുജിത്തിനും സാധിച്ചില്ല.

അതേസമയം അമ്മയെയും അച്ഛനെയും കാണാതിരിക്കുന്നതോടെ കുഞ്ഞ് റിച്ചു കരച്ചില്‍ നിര്‍ത്തുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഭക്ഷണം കഴിക്കാന്‍ പോലും കുട്ടി കൂട്ടാക്കുന്നില്ല. രാത്രി ശരിയായി ഉറങ്ങുന്നുമില്ല. മകനെ വീട്ടിലെത്തിക്കാന്‍ നിതാരയും സുജിത്തും പല വഴികള്‍ തേടിയെങ്കിലും സാധിച്ചില്ല. വയനാട്ടില്‍ പോയി മകനെ കൂട്ടാന്‍ കാസര്‍കോട് കലക്ടറേറ്റില്‍ നിന്ന് അനുമതി കിട്ടിയെങ്കിലും വയനാട് ജില്ലയിലേക്ക് കടക്കണമെങ്കില്‍ അവിടത്തെ കലക്ടറുടെ അനുമതി വേണം. ഇതുവരെ അതു കിട്ടിയില്ല. വയനാട് എത്തിയാല്‍ ഒരു മാസത്തിലേറെ വേണമെങ്കിലും വീട്ടില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയാന്‍ തയാറാണ് ഈ അമ്മയുമച്ഛനും. മകന്റെ അടുത്തേക്കു പോകാനോ മകനെ കാസര്‍കോട് എത്തിക്കാനോ അധികൃതര്‍ കനിയണമെന്നാണ് നിതാരയുടെയും സുജിത്തിന്റെയും അപേക്ഷ.