വൃദ്ധമാതാവിനോട് ക്രൂരത; അമ്മയെ പുറത്താക്കി വീടുപൂട്ടി മക്കൾ സ്ഥലംവിട്ടു

വൃദ്ധമാതാവിനോട് മക്കളുടെ ക്രൂരത. അമ്മയെ പുറത്താക്കി മക്കൾ വീടുപൂട്ടി കടന്നുകളയുകയായിരുന്നു. തൃപ്പൂണിത്തുറ തൈക്കുടത്ത് ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തൈക്കുടം സ്വദേശിനി സരോജിനിയെയാണ് പുറത്താക്കി മക്കൾ കടന്നുകളഞ്ഞത്. സരോജിനിയെ വീട്ടിൽ കയറ്റണമെന്ന് ആർടിഒ ഉത്തരവ് നിലനിൽക്കെയാണ് മക്കളുടെ ക്രൂരമായ സമീപനം.ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും അമ്മയെ വീട്ടിൽ കയറ്റുന്ന കാര്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഇന്നലെ വീടിന് മുന്നിൽ സരോജിനി പായ വിരിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. ഒടുവിൽ നാട്ടുകാർ ചേർന്ന് ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്ത് കടക്കുകയായിരുന്നു.സരോജിനിയെ സംരക്ഷിക്കാൻ രണ്ട് മക്കളും തയ്യാറായിരുന്നില്ല. 8 ദിവസം മുൻപാണ് മൂത്തമകൾ സരോജിനിയെ പുറത്താക്കി വീട് പൂട്ടിപ്പോയത്. 8 ദിവസം അയൽവാസിയുടെ വീട്ടിലാണ് സരോജിനി കഴിഞ്ഞിരുന്നത്. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ഇളയമകൾ കൂട്ടിക്കൊണ്ടു പോകാൻ എത്തിയെങ്കിലും ഒപ്പം വരുന്നില്ലെന്നും വീട് തുറന്ന് തന്നാൽ മതിയെന്നും സരോജിനി പറഞ്ഞു. ഒടുവിൽ പൂട്ട് പൊളിച്ചാണ് സരോജനി അമ്മ വീടിനകത്ത് കടന്നത്.

ഭര്‍ത്താവ് മരിച്ച ശേഷം തൂപ്പുജോലിക്ക് പോയി സരോജിനി നിര്‍മ്മിച്ചതാണ് അഞ്ച് സെന്റ് ഭൂമിയിലെ രണ്ട് വീടുകള്‍. തന്നെ സംരക്ഷിക്കാമെന്ന് ഉറപ്പിലാണ് വീടുകള്‍ രണ്ട് പെണ്‍മക്കള്‍ക്കുമായി നല്‍കിയതെന്ന് സരോജിനി അമ്മ പറഞ്ഞു. മൂത്ത മകള്‍ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇളയ മകള്‍ക്ക് ലഭിച്ച വീട് വാടകയ്ക്ക് കൊടുത്ത് അവര്‍ ഭര്‍തൃവീട്ടിലാണ് താമസിക്കുന്നത്.