വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല, മൃദുല മുരളി പറയുന്നു

ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വിസ്മയയ എന്ന യുവതി തീരാ നോവായിരിക്കുകയാണ്. നിരവധി പേര്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തുന്നുണ്ട്. വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് പറയുകയാണ് മൃദുല മുരളി. ഭര്‍ത്താവ് മകളെ ഉപദ്രവിക്കുന്നുണ്ടെന്നറിഞ്ഞിട്ടും അത് തുടക്കത്തിലേ നിയന്ത്രിക്കാന്‍ കഴിയാത്ത ഓരോ കുടുംബവും ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാര്‍ ആണെന്ന് മൃദുല വ്യക്തമാക്കി.

മൃദുല മുരളിയുടെ വാക്കുകള്‍ ഇങ്ങനെ, ‘ക്ഷമിക്കണം വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ സാധിക്കുന്നില്ല. സഹോദരന്‍ പറയുന്നു ഉപദ്രവങ്ങള്‍ അവള്‍ മുന്‍പും ഏറ്റുവാങ്ങിയിട്ടുണ്ട് എന്ന്. അച്ഛനും അമ്മയും അത് സമ്മതിക്കുകയും ചെയ്യുന്നു. തന്നെ ദേഹോപദ്രവം ചെയ്ത ചിത്രങ്ങളും അവള്‍ക്ക് അവര്‍ക്കയച്ചിരുന്നു. സ്വന്തം മകള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നു എന്നറിഞ്ഞിട്ടും അത് തുടക്കത്തിലേ നിയന്ത്രിക്കാന്‍ കഴിയാത്ത ഓരോ കുടുംബവും ഇത്തരം സംഭവങ്ങള്‍ക്ക് കാരണക്കാര്‍ ആണ്.

‘പെണ്‍കുട്ടികള്‍ എപ്പോഴും അഡ്ജസ്റ്റ് ചെയ്യണം, എല്ലാ കുടുംബത്തിലും ഇങ്ങനെയൊക്കെയാണ് നടക്കുന്നത്, സമൂഹം നമ്മളെപ്പറ്റി എന്തുവിചാരിക്കും…ഇതൊക്കെയാകും മിക്ക പെണ്‍കുട്ടികളോടും അവളുടെ കുടുംബം പറഞ്ഞുകൊടുക്കുന്നത്. ഇതിനു കാരണക്കാരില്‍ നിങ്ങളുമുണ്ട്. അവളെ ഈ അവസ്ഥ വരെ എത്തിച്ചത് നിങ്ങളോരോരുത്തരുമാണ്.’

‘എന്തുകൊണ്ടാണ് അവള്‍ അവളുടെ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചത്? എന്തുകൊണ്ടാണ് ഇത്രയും ഹീനമായ പ്രവര്‍ത്തി ഉണ്ടായിട്ടും അവള്‍ അവനിലേക്ക് തിരിച്ചു പോയത്. തനിക്ക് നല്‍കിയ ഭീമമായ സ്ത്രീധനം തിരിച്ചു ചോദിക്കാതെ അവള്‍ അമ്മയോട് വെറും ആയിരം രൂപ കടം ചോദിച്ചത് എന്തുകൊണ്ടാണ്? അമ്മ എല്ലാം അറിഞ്ഞിട്ടും തുറന്നു സംസാരിക്കുകയോ അവള്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെയും ഇരുന്നത് എന്തുകൊണ്ടാണ്?.’

‘നമ്മളില്‍ എത്ര പേര്‍ ദുരിതങ്ങളെക്കാള്‍ ആത്മസംതൃപ്തി നേടാന്‍, പ്രശ്‌നങ്ങളോട് സഹകരിക്കാതെ, അവയെ മറി കടക്കാന്‍ കല്യാണത്തേക്കാള്‍ വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രാധാന്യം നല്കാന്‍, തെറ്റും ശരിയും എന്തെന്ന വിവേകം ഉണ്ടാക്കാന്‍ അവനവന് വേണ്ടി സംസാരിക്കാന്‍, പെണ്മക്കളോട് പറഞ്ഞിട്ടുണ്ട്.’