മീൻ കച്ചവടവും ലോട്ടറി കച്ചവടവും ആക്രിപെറുക്കലും ഭിക്ഷാടനവുമായിരുന്നു ചെറുപ്പകാലത്ത്- നസീർ സംക്രാന്തി

മീൻ കച്ചവടം, ആക്രി പെറുക്കൽ, ഭിക്ഷാടനം എന്നിങ്ങനെ പലതും കുട്ടിക്കാലത്ത് ചെയ്താണ് ജീവിച്ചിരുന്നതെന്ന് തുറന്നു പറഞ്ഞ് പ്രേക്ഷകരുടെ പ്രീയപ്പെട്ട താരം നസീർ സംക്രാന്തി. ബാപ്പ മരിച്ചപ്പോൾ മുതൽ ജീവികതം കൈപ്പേറിയതാണെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ഏഴ് വയസുണ്ടായിരുന്നപ്പോൾ വാപ്പ മരിച്ചതിനെ തുടർന്നാണ് വീട്ടിലെ സാഹചര്യങ്ങൾ മോശമായത്. അതുവരെ കൂടുംബത്തിൽ നിറഞ്ഞു നിന്നിരുന്ന ചിരി അതോടെ മാഞ്ഞു. ഉമ്മയും നാലു മക്കളും തെരുവിലായി. സംക്രാന്തിക്കടുത്ത് റെയിൽവേ പുറമ്പോക്കിലായി കുടുംബത്തിന്റെ താമസം. അതിനിടെ മക്കൾ പട്ടിണി കിടക്കുന്നത് സഹിക്കാൻ കഴിയാതെ അമ്മ നസീറിനെ കണ്ണൂരിലെ യത്തീം ഖാനയിലാക്കി. ഇവിടം വരെയൊക്കെ എത്തുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാനാകാത്ത കുട്ടിക്കാലമായിരുന്നു. വീടുപോലുമില്ല, അന്ന് പട്ടിണിയാകാതിരിക്കാനുള്ള പലവിധ പരിപാടികളുമായി ഓട്ടത്തിലായിരുന്നു. മീൻ കച്ചവടവും ലോട്ടറി കച്ചവടവും ആക്രിപെറുക്കലുമായിരുന്നു. പിന്നെ, ഭിക്ഷാടനവും. രാവിലെ അര സൈക്കിളുമെടുത്ത് മീൻകച്ചവടത്തിനു പോകും. തിരിച്ചു വന്നാൽ നേരെ കോട്ടയം ടൗണിൽ ലോട്ടറി കച്ചവടം. മൂന്നുമണിയായാൽ സായാഹ്ന പത്രക്കെട്ടു വരും. കുറേക്കാലം ആക്രി പെറുക്കാൻ വീടുകൾ തോറും നടന്നു. ഒപ്പം ഭിക്ഷയുമെടുക്കും.

ഒരു വലിയ പണക്കാരന്റെ വീട്ടിൽ ജോലിക്ക് നിന്നിട്ടുണ്ട് എന്റെ ഉമ്മ. അന്ന് വല്ലാത്ത പട്ടിണിയാണ്. ആ വീട്ടിൽ നിന്നും പണികഴിഞ്ഞ് വരുമ്പോൾ കയ്യിൽ കുറച്ച്‌ ഹോർലിക്‌സ് ഉമ്മ കൊണ്ടുവരും. എന്റെ മോൻ കഴിച്ചോന്ന് പറഞ്ഞ്. വീട്ടുകാരറിയാതെയാണ് ഉമ്മ ഇങ്ങനെ കൊണ്ടുവന്നിരുന്നത്. ആ ഉമ്മയുടെ മോനാണ് ഞാൻ. ഒരിക്കൽ ഏതോ വീട്ടിൽ നിന്ന് ഭിക്ഷയെടുത്തു കിട്ടിയ ഇരുപതു പൈസ കൂട്ടുകാരൻ ഹെഡ് ആൻഡ് ടെയിൽ കളിച്ച് കളഞ്ഞപ്പോൾ വഴിയിൽ നിന്നു കരഞ്ഞ ആളാണ് ഞാൻ. ജീവിക്കാനുള്ള ഓട്ടത്തിനിടയിൽ നിന്ന് ആൾക്കാരെ ചിരിപ്പിക്കാനായി സ്റ്റേജിലെത്തിയത് അദ്ഭുതമാണ്

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന ഹിറ്റ്‌ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് നസീർ സംക്രാന്തി. പരമ്പരയിലെ കമാലസന് ആരാധകർ നിരവധിയാണ്. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെ ജീവിതം കൈപ്പുനിറഞ്ഞതായിരുന്നു.