വെള്ളക്കെട്ട്; യാത്രക്കാരെ ദുരിതത്തിലാക്കി നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചിട്ടു

കൊച്ചി: വെള്ളം കയറിയതിനെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം താത്കാലികമായി അടച്ചിട്ടു. നാല് ദിവസത്തേക്കാണ് അടച്ചിട്ടത്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെത്തുടര്‍ന്നാണ് വിമാനത്താവളം അടച്ചത്. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി.

ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങള്‍ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വെള്ളം കയറുന്നത് നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മഴ കനത്തതോടെ വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചിടുകയായിരുന്നു.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചതിനാല്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ എല്ലാ സര്‍വീസുകളും തിരുവനന്തപുരത്ത് നിന്ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.