കൊറോണ മഹാമാരിയെ അതിജീവിച്ച് സിനിമാ മേഖല: ഈ വാരം അഞ്ച് സിനിമകൾ പ്രദർശനത്തിനെത്തു൦

കൊറോണ മഹാമാരിയെ അതിജീവിച്ച് സിനിമാ മേഖലകൾ വീണ്ടും സജീവമാകുന്നു. ഹൗസ്ഫുൾ ഷോകൾ അനുവദിച്ചതോടെ സൂപ്പർതാര ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ തീയേറ്ററുകളിലെത്തു൦. മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന വണ്ണും, ടൊവിനോയുടെ ചിത്രം കളയും ഈ വാരം പ്രദർശനത്തിനെത്തും.

കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന ചിത്ര൦ വൺ മാർച്ച് 26 നു റിലീസ് ചെയ്യും. ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ ആണ് ചിത്രം നിർമ്മിക്കുന്നത്.

ടൊവിനോ തോമസ് നായകനാകുന്ന കള മാർച്ച് 25ന് വേൾഡ് വൈഡ് റിലീസ് ചെയ്യും. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രോഹിത്ത് വി.എസ് ഒരുക്കുന്ന ചിത്രമാണ് കള. ലാൽ, ദിവ്യാ പിള്ള, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ തിരക്കഥ രോഹിത്, യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.

ദേശീയ അന്തർ ദേശീയ തലത്തിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ബിരിയാണി മാർച്ച് 26ന് തീയേറ്ററുകളിലെത്തും. എഎഎൻ ഫിലിം ഹൗസിന്റെ ബാനറിൽ സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബിരിയാണിയിൽ കനി കുസൃതിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കടൽ തീരത്ത് താമസിക്കുന്ന കദീജയുടേയും ഉമ്മയുടേയും ജീവതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്.

സണ്ണി വെയിനിനെ നായകനാക്കി നവാഗതനായ പ്രിൻസ് ജോയി ഒരുക്കുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. മാർച്ച് 26നാണ് ചിത്രം തീയേറ്ററിൽ എത്തുന്നത്. 96ലൂടെ സുപരിചിതയായ ഗൗരി കിഷനാണ് സണ്ണി വെയിന്റെ നായികയായി ചിത്രത്തിലെത്തുന്നത്. ജിഷ്ണു രമേശിന്റേയും അശ്വിൻ പ്രകാശിന്റേയും കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവീൻ ടി മണിലാൽ ആണ്.