തോമസ് ഐസക്കിന് വീണ്ടും നോട്ടീസ്; ഇഡിയുടെ മുന്നിൽ 11ന് എത്തണം.

കൊച്ചി. കിഫ്ബി സാമ്പത്തിക ഇടപാടില്‍ മുന്‍മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡിയുടെ നോട്ടീസ്. ആഗസ്ത് 11ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് തോമസ് ഐസക്കിന് ഇഡി നൽകിയിരിക്കുന്ന നിര്‍ദേശം. ജൂലൈ 18ന് ഹാജരാകാന്‍ നേരത്തെ നോട്ടീസ് നല്‍കിയെങ്കിലും ചില കാരണങ്ങൾ പറഞ്ഞു തോമസ് ഐസക് അന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. ഇപ്പോൾ രണ്ടാം തവണയാണ് ഇഡി ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഇത്തവണ മുൻ മന്ത്രി ഹാജരാകാതിരുന്നാൽ ഇ ഡി ചോദ്യം ചെയ്യുന്നതിനായുള്ള തുടർ നടപടി സ്വീകരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ‘മസാല ബോണ്ട്’ ന്റെ പേരിൽ വിദേശനിക്ഷേപം സ്വീകരിക്കാൻ ശ്രമം തുടങ്ങിയ നാൾ മുതൽ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്ന കിഫ്ബിയുമായി ബന്ധപ്പെട്ട സമ്പൂർണ വിവരങ്ങളുമായാണ് ഇ ഡി ഇത്തവണ തോമസ് ഐസക്കിനെ വിളിപ്പിച്ചിട്ടുള്ളത്.

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണത്തെ തുടർന്നാണ് കിഫ്ബിയുടെ (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടങ്ങുന്നത്. ഇക്കാര്യത്തിൽ മുൻ മന്ത്രി എന്ന നിലയിൽ തുടർ നടപടികൾക്ക് മുൻപ് ഇ ഡിക്ക് തോമസ് ഐസക്കിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്.

വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതായുള്ള കിഫ്ബിയുടെ ‘മസാല ബോണ്ട്’ നിക്ഷേപ സമാഹരണം സംബന്ധിച്ച വിഷയത്തിൽ നിന്ന് തോമസ് ഐസക്കിന് ഇനി തടിയൂരാനാവില്ല. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോപണത്തിനു തുടക്കമിട്ടതെങ്കിലും വിഷയം ഇ ഡി രാജ്യത്തെ തന്നെ പ്രധാന കേസായിട്ടാണ് കാണുന്നത്.

സി എ ജിയുടെ റിപ്പോർട്ട് ലഭിച്ചതിൽ പിന്നെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തേടി ഇഡി 2020 നവംബർ 20നു റിസർവ് ബാങ്കിനു കത്ത് നൽകിയിരുന്നതാണ്. ‘മസാല ബോണ്ട്’ വഴി വിദേശനിക്ഷേപം സ്വീകരിക്കാൻ ശ്രമം തുടങ്ങിയ 2019 മാർച്ച് മുതൽ കിഫ്ബിയുടെ നീക്കങ്ങൾ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് എന്നതും ശ്രദ്ധേയമാണ്.