ഒമിക്രോണ്‍: പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ആകെ 37 പേര്‍, പരിശോധനാ ഫലം വൈകാതെ പുറത്ത് വരും

ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ആകെ 37 പേര്‍. ഒമിക്രോണ്‍ ബാധിതനായി പിന്നീട് നെഗറ്റീവായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത് 24 പേരാണ്. അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരില്‍ 204 പേരുണ്ട്. നാല്‍പത്തിയാറുകാരനായ ഡോക്ടറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത് 13 പേരാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുടേതടക്കം പരിശോധന ഫലം വൈകാതെ പുറത്ത് വരും.

അതേസമയം ദില്ലി വിമാനത്താവളത്തിലെത്തിയ ആറ് പേര്‍ക്കും മുംബൈയിലത്തിയ ഒന്‍പത് പേര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രണ്ടിടങ്ങളിലും കൊവലിഡ് സ്ഥിരീകരിച്ച സാമ്പിളുകളുടെ ജനിതക ശ്രേണീകരണ ഫലം കൂടി പുറത്ത് വരാനുണ്ട്. ഇത്രയും സാമ്പിളുകളുടെ ജനിതക ശ്രേണീകരണം നടക്കുമ്പോള്‍ നാല്‍പതോളം സാമ്പിളുകളുടെ ഫലം അടുത്ത ഘട്ടം പുറത്ത് വന്നേക്കുമെന്നാണ അറിയുന്നത്. മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ ലോക് സഭയില്‍ ആവര്‍ത്തിച്ചു.

സമാന അവകാശവാദം മുന്‍പ് ഉന്നയിച്ചെങ്കിലും രണ്ടാം തരംഗത്തില്‍ നേരിട്ട ഓക്‌സിജന്‍ പ്രതിസന്ധിയടക്കം ചൂണ്ടിക്കാട്ടി വീഴ്ച ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. എന്നാല്‍ ഓക്‌സിജന്‍ പ്രതിസന്ധിയെന്ന ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമായിരുന്നുവെന്ന് ആരോഗ്യമന്ത്രി തിരിച്ചടിച്ചു. 19 സംസ്ഥാനങ്ങളോട് വിശദാംശങ്ങല്‍ തേടിയതില്‍ പഞ്ചാബ് മാത്രമാണ് നാല് മരണത്തില്‍ സംശയം പ്രകടിപ്പിച്ചതെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ലോക് സഭയെ അറിയിച്ചു.

അതേ സമയം തീവ്രവ്യാപനശേഷി ഒമിക്രോണ്‍ വൈറസിനുണ്ടെന്ന് പറയുമ്പോഴും മുന്‍ വകഭേദങ്ങളെ പോലെ രോഗബാധ തീവ്രമായേക്കില്ലെന്നാണ് ആരോഗ്യ മന്ത്രലായം വിലയിരുത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്ക് കാലതാമസമെടുക്കാതെ രോഗം ഭേദമായത് ആശ്വാസ വാര്‍ത്തയായാണ് കേന്ദ്രം കാണുന്നത്. ഒമിക്രോണ്‍ ബാധയില്‍ രുചിയും മണവും നഷ്ടപ്പെടാനുള്ള സാധ്യത കുറവാണെന്നും ചില ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.