ജയിലിൽ ഇത്തവണ ഓണസദ്യക്കൊപ്പം വറുത്തരച്ച കോഴിക്കറിയും

കണ്ണൂർ: ഓണത്തിന് ജയിലിൽ തടവുകാർക്ക് കിടിലൻ ഓണസദ്യ നൽകും. തൂശനിലയിൽ വിളമ്പുന്ന സദ്യയ്ക്ക് പച്ചക്കറിയോടൊപ്പം കൂട്ടിന് വറുത്തരച്ച കോഴിക്കോറിയുമുണ്ട്. ജയിൽ അന്തേവാസികളുടെ സാധാരണ മെനുവിൽ കോഴി വിഭവം ഇല്ലെങ്കിലും ഓണംനാളിൽ വറുത്തരച്ച കോഴിക്കറിയടക്കം ഉണ്ടാകും. പായസമടക്കമുള്ള സദ്യയാണ് വിളമ്പുക.

അന്തേവാസികളാണ് സദ്യ ഒരുക്കുന്നത്. സംസ്ഥാനത്തെ 56 ജയിലുകളിലായി പതിനായിരത്തോളം അന്തേവാസികളാണുള്ളത്.1050ലധികം അന്തേവാസികളുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നെയ്‌ച്ചോറും ചിക്കൻകറിയും സലാഡും പാൽപ്പായസവും സസ്യാഹാരികൾക്ക് കോളിഫ്ലവറും പരിപ്പും കറിയുമുണ്ട്. കണ്ണൂർ വനിതാ ജയിലിൽ ഇലയിട്ട് പച്ചക്കറിസദ്യ ഒരുക്കും. കണ്ണൂർ ജില്ലാ ജയിലിലെ 150ഓളം വരുന്ന അന്തേവാസികൾക്ക് സദ്യയ്ക്കൊപ്പം കോഴിക്കറിയും വിളമ്പും. സാധാരണ മെനുവിൽ ഇല്ലാത്ത പൊറോട്ടയും കറിയുമാണ് കണ്ണൂർ സ്‌പെഷ്യൽ ജയിലിൽ രാവിലത്തെ വിഭവം. ഉച്ചയ്ക്ക് സദ്യ. വൈകിട്ട് ചായയ്ക്കൊപ്പം പലഹാരവും നൽകും.

ഓണം കൂടാതെ വിഷു, റംസാൻ, ബക്രീദ്, ക്രിസ്മസ്, ഈസ്റ്റർ, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി ദിനം എന്നീ 10 ദിവസങ്ങളിലാണ് സാധാരണയായി ജയിൽ അന്തേവാസികൾക്ക് സദ്യ ഒരുക്കുന്നത്.