സമൂഹമാദ്ധ്യമ ഗ്രൂപ്പുകൾ വഴി ഭാര്യമാരെ പരസ്പരം കൈമാറിയ കേസ്; ഒളിവിൽ പോയ ഒരു പ്രതിയെ കൂടി പോലീസ് പിടികൂടി

ടെലഗ്രാം, മെസഞ്ചർ തുടങ്ങിയ സമൂഹമാദ്ധ്യമ ഗ്രൂപ്പുകൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്ത കേസിൽ ഒളിവിൽ പോയ ഒരു പ്രതി കൂടി പിടിയിൽ. പാലാ കുമ്മണ്ണൂർ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു പാലാ സ്വദേശിയെയാണ് പോലീസ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇതിലൊരാൾ വിദേശത്തേയ്‌ക്ക് കടന്നുവെന്നാണ് സൂചന.

ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സോഷ്യൽ മീഡിയ ഗ്രൂപ്പ് വഴിയാണ് സംഘം ആശയവിനിമയം നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. പങ്കാളികളെ പരസ്പരം കൈമാറുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്നത്. ഇതിന് പിന്നിൽ വൻ സംഘമാണുള്ളതെന്നാണ് പോലീസ് പറയുന്നത്.

ടെലഗ്രാം, മെസഞ്ചർ ഗ്രൂപ്പുകളിലായി ഏകദേശം അയ്യായിരത്തോളം പേരുണ്ട്. കപ്പിൾ മീറ്റ് അപ്പ് കേരള എന്നാണ് ഗ്രൂപ്പിന്റെ പേര്. ഈ ഗ്രൂപ്പ് വഴി ദമ്പതികൾ പരസ്പരം പരിചയപ്പെടുകയും പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയുമാണ് ചെയ്യുന്നത്. ഇതിനിടെ കുട്ടികളെയും ഭീഷണിപ്പെടുത്തുന്നുണ്ട്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവർത്തനവും ഗ്രൂപ്പിലൂടെ നടക്കുന്നുണ്ട്. എന്നാൽ പരസ്പര സഹകരണത്തോടെയാണ് കൈമാറ്റമെങ്കിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് പോലീസ് പറയുന്നത്. അത് സദാചാര പോലീസ് ആകുമെന്നും അധികൃതർ പറയുന്നു.