‘ഞാൻ വണ്ടി പാർ‌ക്ക് ചെയ്ത് നിഹാലിന്റെ വണ്ടിയിൽ കയറുമ്പോൾ അച്ഛൻ ചാടിവീണു പിടിച്ചു, ഡേറ്റിങിന് പോയ ഞങ്ങളെ അച്ഛൻ സിനിമാ സ്റ്റൈലിൽ കൈയ്യോടെ പിടികൂടി’

നടി പ്രിയമോഹനും ഭർത്താവും നടനുമായ നിഹാൽ പിള്ളയും പ്രേക്ഷകർക്ക് സുപരിചിതമായ താരകുടുംബമാണ്. അഭിനയത്തിൽ ഇപ്പോൾ ഇവർ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെക്കാൻ ഇരുവരും ഇപ്പോഴും എത്താറുണ്ട്. ‘ഒരു ഹാപ്പി ഫാമിലി’യെന്ന യുട്യൂബ് ചാനലുമായി ഇപ്പോൾ സഷജീവമാണ് പ്രിയമോഹനും നിഹാൽ പിള്ളയും. കുടുംബത്തിലെ വിശേങ്ങളും യാത്രകളും ഭക്ഷണ പ്രേമത്തെക്കുറിച്ചുമൊക്കെയായാണ് നിഹാലും പ്രിയയും മിക്കപ്പോഴും വാചാലരാവുന്നത്. ചേച്ചി പൂർണിമയെ‌പ്പോലെ പ്രിയയും ഒരു സമയത്ത് അഭിനയത്തിൽ സജീവമായിരുന്നു എന്നതും ശ്രദ്ധേയം.

നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന പ്രിയ മോഹൻ വിവാഹ ശേഷം അഭിനയരംഗത്തുനിന്നും മാറി നിൽക്കുകയാണ്. ഫാഷനിൽ അതീവ താൽപര്യമുള്ള പ്രിയ,സ്വന്തമായി ഒരു ഓൺലൈൻ ബോട്ടീക്കും നടത്തി വരുന്നു. പ്രിയ ഇടയ്ക്ക് മോഡലിംഗിലും സജീവമായിരുന്നു. മെമ്മറീസുൾപ്പടെയുള്ള സിനിമകളിൽ നിഹാൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ നിന്നും മാറിയതോടെയാണ് നിഹാലും പ്രിയയും യുട്യൂബ് ചാനലിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങുന്നത്. ഇവരുടെ ലോക സഞ്ചാരത്തിന്റെ വീഡിയോ പ്രേക്ഷകരെ ആവേശം കൊള്ളിക്കാറുണ്ട്.

പ്രിയയുടേയും നിഹാലിന്റേയും പ്രണയ വിവാഹമായിരുന്നു. ഇരുവരുടേയും മകൻ വർധാനും ഇപ്പോൾ കു‍ഞ്ഞു സെലിബ്രിറ്റിഎന്ന് വേണമെങ്കിൽ പറയാം. നിഹാലുമാ യുള്ള പ്രണയത്തെ കുറിച്ച് പ്രിയ ആദ്യം പറഞ്ഞത് പൂർണിമയോടായിരുന്നു. പ്രണയിക്കുന്ന സമയത്ത് ഒരിക്കൽ അച്ഛൻ മോഹൻ തങ്ങളെ കൈയ്യോടെ പിടിച്ച കഥ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയ മോഹൻ ഇപ്പോൾ. നടൻ ജ​ഗദീഷ് അവതാരകനായ പണം തരും പടത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രിയ ഈ സംഭവവുമായി ബന്ധപെട്ടു മനസ് തുറന്നത്.

‘സെറ്റിലുള്ളവരെല്ലാം ഞാനും നിഹാലും തമ്മിലുള്ള പ്രണയം അറിഞ്ഞു. ശേഷമാണ് പൂർണിമ ചേച്ചി അറിയുന്നത്. ഞാനും ചേച്ചിയും നല്ല അടുപ്പമാണ് എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ട്. നിഹാലിന്റെ കാര്യം ചേച്ചിക്ക് പൂർണമായും അറിയില്ലായിരുന്നു വെങ്കിലും കുറച്ചൊക്കെ അറിയാമായിരുന്നു. പിന്നെ കൃത്യമായി പറഞ്ഞപ്പോൾ ചേച്ചിക്ക് നിഹാലിനെ ഇഷ്ടപ്പെട്ടു.’ നല്ല പയ്യനാണെന്ന് എന്നോടും പറഞ്ഞു. സെലക്ഷൻ കൊള്ളാമെന്നും പറഞ്ഞു. ചേച്ചി കൂടി പ്രണയത്തിന് സപ്പോർട്ടായതോട് കൂടി ടെൻഷൻ ഒഴിവായി. പക്ഷെ അച്ഛനോട് പറയും മുമ്പ് അച്ഛൻ ഒരിക്കൽ എന്നേയും നിഹാലിനേയും കൈയ്യോടെ പിടിച്ചിട്ടുണ്ട്.’

‘പ്രേമിക്കുന്ന സമയത്ത് എല്ലാ ഞായറാഴ്ചയും പുറത്ത് പോയി ഭക്ഷണം കഴിക്കുമായിരുന്നു. പ്രണയിക്കുന്നതിന് മുമ്പ് എപ്പോഴും വീട്ടിൽ തന്നെ ചിലവഴിച്ചിരുന്ന ഞാൻ പെട്ടന്ന് എല്ലാ ഞായറാഴ്ചയും പുറത്ത് പോയി തുടങ്ങിയതോടെ അച്ഛന് ചില സംശയങ്ങൾ വന്നു.’

‘ഒരു ദിവസം ഞാൻ പോയപ്പോൾ അച്ഛൻ എന്നെ ഞാൻ അറിയാതെ ഫോളോ ചെയ്ത് പുറകെ എത്തി. ഞാൻ എന്റെ വാഹനം ഒരിടത്ത് പാർക്ക് ചെയ്ത ശേഷമാണ് നിഹാലിന്റെ വണ്ടിയിൽ കേറി ഞങ്ങൾ ഒരുമിച്ച് ലഞ്ചിനൊക്കെ പോകാറു ള്ളത്.അങ്ങനെ വണ്ടി പാർ‌ക്ക് ചെയ്ത് നിഹാലിന്റെ വണ്ടിയിൽ കയറി പോകാൻ തുടങ്ങുമ്പോൾ അച്ഛൻ വണ്ടിക്ക് മുമ്പിൽ‌ ചാടി വീണു എന്നെ പിടികൂടി. എന്നിട്ട് എന്നോട് ഇറങ്ങി വണ്ടിയിൽ കയറാൻ പറഞ്ഞു. തിരികെ എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കി. പിന്നീട് അച്ഛൻ പുറത്ത് മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ പോയി. തിരികെ വരുന്നത് വരെ ഞാൻ ഭയങ്കര പ്രാർഥനയായിരുന്നു. ഇനിയുള്ള കാലം വീട്ടുതടങ്കലായിരിക്കുമെന്നാണ് അപ്പോൾ കരുതിയത്.’

‘അച്ഛൻ മടങ്ങി വരുമ്പോൾ അമ്മയോട് സംസാരിച്ചു. അമ്മ എന്റടുത്ത് വന്ന് പറഞ്ഞു ഇനി മുതൽ പോവുകയാണെങ്കിൽ പറഞ്ഞിട്ട് പോകണമെന്ന്. ഞാനൊരു വലിയ പ്രശ്നമാകുമെന്നാണ് അവർ പ്രതീക്ഷിച്ചത്. പക്ഷെ അങ്ങനെയൊന്നും ഉണ്ടായില്ല. യുട്യൂബ് ചാനൽ തുടങ്ങും മുമ്പ് എല്ലാ ആഴ്ചയുടെ അവസാനവും പൂർണിമ ചേച്ചിയുടെ വീട്ടിൽ ഒത്തുകൂടി ആഘോഷിക്കാറുണ്ട്. ഇപ്പോൾ വിശേഷ ദിവസങ്ങളിലും പിറന്നാൾ വരുമ്പോഴും ഞങ്ങൾ ഒത്തുകൂടും’ പ്രിയയും നിഹാലും പറഞ്ഞു.