ബിജെപി അച്ചടക്കമുള്ള പാർട്ടി, കെ കോൺഗ്രസ് കുരുതി കൊടുക്കുന്നു- പത്മജ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി പത്മജ വേണുഗോപാൽ. തൻറെ മാതാപിതാക്കളെ പറ്റി ഇനി എന്തെങ്കിലും പറഞ്ഞാൽ സ്വഭാവം മാറുമെന്ന് പത്മജ വ്യക്തമാക്കി. കോൺഗ്രസിൽ സങ്കടങ്ങളും സ്വാതന്ത്ര്യമില്ലായ്മയും അനുഭവിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് പത്മജ വ്യക്തമാക്കി.

‘നിലവിലെ നേതാക്കന്മാർ മാറാതെ കോൺഗ്രസ് ഗതി പിടിക്കില്ലെന്ന് പറഞ്ഞ പത്മജ വാർധക്യം പിടിച്ച യൂത്ത് കോൺഗ്രസുകാരെയാണ് ഇതുവരെ കണ്ടതെന്ന് പരിഹസിച്ചു. ഇനി കോൺഗ്രസിലേക്ക് ഒരു തിരിച്ചുപോക്കുണ്ടാകില്ല’, പത്മജ വ്യക്തമാക്കി.

‘തൃശൂരിൽ താമര വിരിയും. കെ മുരളീധരനെ കോൺഗ്രസ് കുരുതി കൊടുക്കുകയാണ് ചെയ്തത്. തൃശൂരിൽ കരുണാകരൻറെ മക്കളെ ഒരിക്കലും ജയിപ്പിക്കാറില്ല. പാർട്ടി മുരളീധരനെ കുഴിയിൽ ചാടിക്കുകയായിരുന്നു. മുരളീധരൻ ജനങ്ങൾ വിചാരിച്ചാൽ രക്ഷപ്പെടില്ലെന്നും ഇനി ഗുരുവായൂരപ്പൻ വിചാരിക്കണം. വടകരയിൽ ഷാഫി അത്ര എളുപ്പത്തിൽ ജയിക്കില്ല’,

‘ബിജെപി വളരെ അച്ചടക്കമുള്ള പാർട്ടിയാണ്. ബിജെപിയിൽ വന്ന് ആരും തൻറെ സമാധാനം കെടുത്തരുത്. താൻ മൂന്ന് കൊല്ലം മുൻപ് രാജി കത്ത് എഴുതി വച്ച ആളാണ്. അച്ഛനിൽ കണ്ട സ്‌നേഹമാണ് മോദിയെ ആരാധിക്കുന്നത്. കോൺഗ്രസ് പാർട്ടി നിൽക്കുന്നത് കൽക്കരിവണ്ടിയിലാണ്’, പത്മജ കൂട്ടിച്ചേർത്തു.