പവിത്രയും സായിയും കാത്തിരിക്കുന്നു; അമ്മയുടെ നാട്ടിലെത്താന്‍

കുവൈത്ത്‌ സിറ്റി : അമ്മയുടെ നാടിനെക്കുറിച്ച്‌ അവര്‍ക്കു കേട്ടറിവേയുള്ളൂ; പൗരത്വം എന്ന വാക്കിന്റെ അര്‍ഥം ഇപ്പോഴും അറിയില്ല. എന്നാല്‍, രാജ്യാന്തര നിയമങ്ങളുടെ നൂലാമാലകളില്‍ കുടുങ്ങിക്കിടക്കുയാണു ഏഴു വയസുകാരി പവിത്രയുടെയും അനുജന്‍ മൂന്നു വയസുകാരന്‍ സായികൃഷ്‌ണന്റെയും ജീവിതം. ഇന്ത്യയുടെയും കുവൈത്തിന്റെയും ഉദ്യോഗസ്‌ഥരുടെ കനിവിലാണ്‌ ഈ കുരുന്നുകളുടെ പ്രതീക്ഷ.

17 വര്‍ഷം മുമ്പ്‌ ആന്ധ്രാപ്രദേശ്‌ സ്വദേശിനിയായ മസ്‌ത്താനമ്മ പട്ടിണിയില്‍നിന്നു രക്ഷതേടി കുവൈത്തിലെത്തുകയായിരുന്നു. ആദ്യം കുവൈത്ത്‌ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. പിന്നീട്‌ ഒരു ആന്ധ്ര സ്വദേശിയുമായി മസ്‌ത്താനമ്മ ബന്ധമാരംഭിച്ചു. തുടര്‍ന്നു മൗലാലി പഥാന്‍ (പവിത്ര), പഥാന്‍ അലി (സായി കൃഷ്‌ണന്‍) എന്നിവര്‍ക്കു ജന്മം നല്‍കി. എന്നാല്‍, ഈ ബന്ധം നിയമപരമായുള്ളതായിരുന്നില്ല. തുടര്‍ന്ന്‌ ശ്വാസകോശ രോഗം പിടിപെട്ടതോടെ മസ്‌ത്താനമ്മയ്‌ക്കു ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായി.

ഇതോടെ, നാട്ടിലേക്കു മടങ്ങാന്‍ സഹായം തേടി ഇന്ത്യന്‍ എംബസിയെ സമീപിച്ചു. എന്നാല്‍ ഇവരുടെ പിതാവ്‌ ഇവരെ കൈയൊഴിഞ്ഞിരുന്നു. മക്കള്‍ക്കു രേഖകള്‍ ഇല്ലാതിരുന്നത്‌ ഇവരുടെ യാത്ര നിയമക്കുരുക്കിലാക്കി. കുവൈത്തിലെ നിയമപ്രകാരം കുട്ടികള്‍ക്കു ജനന സര്‍ട്ടിഫിക്കറ്റും ലഭിച്ചില്ല. കുട്ടികളുടെ പാസ്‌പോര്‍ട്ടടക്കമുള്ള രേഖകള്‍ക്കായി മസ്‌താനമ്മ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രോഗം മൂര്‍ഛിച്ച മസ്‌താനമ്മ 2016 ഡിസംബറില്‍ മരണത്തിനു കീഴടങ്ങി. ഇതിനു മുമ്പേ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട്‌ കുഞ്ഞുങ്ങളെ മങ്കഫിലെ ഡെകെയറില്‍ പ്രവേശിപ്പിച്ചിരുന്നു. അത്യപൂര്‍വമായ സംഭവമായതിനാല്‍ എംബസി അധികൃതര്‍ ഡല്‍ഹിയില്‍ വിവരം ധരിപ്പിച്ചു.

മക്കളില്ലാതിരുന്ന ഡെകെയര്‍ നടത്തിപ്പുകാരി ഉമ മഹേശ്വരിയും ഭര്‍ത്താവ്‌ രാജേന്ദ്രനും കുട്ടികളെ ഏറ്റെടുത്തു. കുട്ടികള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ എംബസിയിലെ ഫസ്‌റ്റ് സെക്രട്ടി പി.പി. നാരായണനാണ്‌. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിനെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ സബ്‌ കമ്മിറ്റി രൂപീകരിച്ചു. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം രാജേന്ദ്രനും ഭാര്യ ഉമയ്‌ക്കും നല്‍കാന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്‌തു.

ഫോസ്‌റ്റര്‍ പേരന്റസ്‌ എന്ന അവകാശമാണ്‌ ഇവര്‍ക്ക്‌ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്‌. കഴിഞ്ഞ ആഴ്‌ച കുട്ടികള്‍ക്കു പാസ്‌പോര്‍ട്ടും നല്‍കി. എന്നാല്‍ കുട്ടികള്‍ക്കു കുവൈത്തില്‍ കഴിയണമെങ്കില്‍ റെസിഡന്‍സി അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്‌. നിലവിലെ സാഹചര്യത്തില്‍ ഇത്‌ ദുഷ്‌കരമാണ്‌. എന്നാല്‍ എംബസി വഴി ഇതിനുള്ള നീക്കം പുരോഗമിക്കുകയാണ്‌. കുട്ടികളെ കുവൈത്തില്‍ തന്നെ പഠിപ്പിക്കാനാണ്‌ രാജേന്ദ്രനും ഉമയും ഉദ്ദേശിക്കുന്നത്‌.