ദയവായി എന്നെ വെറുതെ വിടൂ, ഇത് വിനീതമായ അപേക്ഷയാണ്,പേളി മാണി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി. ജീവിതത്തിലേക്ക് കുഞ്ഞ് അഥിതിയെ വരവേൽക്കാനായി കാത്തിരിക്കുകയാണ് താരം. ബിഗ്‌ബോസ് റിയാലിറ്റി ഷോ മലയാളം ഒന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു താരം. ഇതേ ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി ഷോയ്ക്ക് ഇടയിൽ പേളി പ്രണയത്തിലാവുകയായിരുന്നു. ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതർ ആവുകയും ചെയ്തു. ഇരുവരും സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. ഗർഭകാലത്തെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും രംഗത്തെത്താറുണ്ട്.

പേളിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതമാണ്. തന്റെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളെല്ലാം താരം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. തന്റെ ഗർഭകാലവും വിശേഷങ്ങളും മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് പേളി മാണി തന്നെ ഒടുവിൽ രംഗത്ത് വന്നിരിക്കുകയാണ്. ഒരു മാധ്യമത്തിന്റെ വാർത്തയിൽ കമന്റ് ആയാണ് പേളിയുടെ പ്രതിഷേധവും അപേക്ഷയും. ‘ഗർഭിണിയായ പേളിക്ക് പൊതിച്ചേറ് കഴിക്കാൻ കൊതി’ എന്ന തലക്കെട്ടിലായിരുന്നു വാർത്ത. വാർത്തയെ വിമർശിച്ചും നെഗറ്റീവ് സ്വഭാവത്തിലുള്ള കമന്റുകളായും പ്രതികരണം നിറയുന്നതിനിടെയാണ് പേളി മാണി ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് മറുപടിയുമായി എത്തിയിരിക്കുന്നത്.

”ദയവായി എന്നെ വെറുതെ വിടൂ, ന്യൂസ് 18; ഇത് വിനീതമായ അപേക്ഷയാണ്” പേളി കമന്റിലൂടെ അറിയിച്ചു. പേളിയുടെ കമന്റിന് പിന്തുണയുമായി നിരവധി പേർ എത്തിയിട്ടുണ്ട്. ആയിരത്തി നാനൂറിലധികം പേരുടെ ലൈക്കും പേളി മാണിയുടെ കമന്റിലുണ്ട്. ക്ലിക്ക് ബെയിറ്റ് സ്വഭാവത്തിൽ പേളി മാണിയുടെ ഗർഭകാലം വാർത്തയാക്കുന്ന എല്ലാ മാധ്യമങ്ങളോടുമുളള പ്രതിഷേധമാണ് പേളി മാണിയുടെ പരസ്യപ്രതികരണമെന്നാണ് കമന്റുകളിൽ ചിലർ അഭിപ്രായപ്പെടുന്നത്.