‘തെളിവില്ല, എന്നെ വെറുതെ വിടാന്‍ പോവുന്നു’, നടിയെ ആക്രമിച്ച കേസിൽ ജനത്തെ ബ്രെയിന്‍ വാഷ് ചെയ്യുന്നു – പ്രകാശ് ബാരെ

കൊച്ചി. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിഭാഗത്തിന്റെ ഭാഗത്ത് നിന്നും വലിയ രീതിയിൽ പ്രചാരങ്ങൾ നടക്കുന്നതായി സംവിധായകന്‍ പ്രകാശ് ബാരെ. പ്രതിക്കെതിരെ തെളിവ് ഇല്ലെന്ന ബോധ്യം സാധാരണ ജനത്തിനു ഉണ്ടാക്കുമാറുള്ള ശ്രമമാണ് ഇതിന് പിന്നിൽ. ഒരു ടി വി ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ.

കുറ്റം ആരോപിക്കപ്പെട്ടിരുന്ന ഒരു ഭാഗം, മറുഭാഗത്ത് കുറ്റകൃത്യത്തിന് വിധേയരായവർ എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ് ഈ കേസിലുള്ളത്. രണ്ടാമത്തെ ഭാഗത്തെ സംബന്ധിച്ച് ഒരു പ്രചരണത്തിന്റെയും ആവശ്യം ഉണ്ടാവുന്നില്ല. അവർ ഇരയാരിക്കുന്നവരാണ്. അത് ഈ സമൂഹത്തിന് കൃത്യമായി അറിയാവുന്നതാണ്. എന്നാല്‍ ആദ്യത്തെ ഭാഗത്തിന് അവരെ വെളുപ്പിച്ച് എടുക്കേണ്ട ആവശ്യമുണ്ട്. അത് നമ്മള്‍ കണ്ടു. അതിനുള്ള നിരവധി ഉദാഹരങ്ങളും ഉണ്ട് – പ്രകാശ് ബാരെ പറഞ്ഞു.

അടൂർ ഗോപാലകൃഷ്ണനെപോലുള്ളവരൊക്കെ വന്നിട്ടാണ് എന്താണ് തെളിവ് എന്ന് ചോദിക്കുന്നത്. അതിലപ്പുറം തെളിവില്ലെന്ന് പറയുകയും ചെയ്യുന്നു. എവിടുന്നാണ് ഇവർക്ക് ഈ വിവരങ്ങളൊക്കെ കിട്ടിയത്. ഇതാ എന്നെ വെറുതെ വിടാന്‍ പോവുന്നു. ഒരു തെളിവും ഇല്ലെന്ന് പറഞ്ഞ് ആള്‍ക്കാരെ ബ്രെയിന്‍ വാഷ് ചെയ്യുകയാണ് – പ്രകാശ് ബാരെ പറയുന്നു.

ഈ കേസ് കെട്ടിച്ചമച്ചതാണ്, പൊലീസ് ഇങ്ങനെയാക്കിയതാണ് എന്നൊക്കെയാണ് പ്രചരണം നടക്കുന്നത്. ഇതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യുന്നു. പബ്ലിക് പ്രോസിക്യൂട്ടർമാർ എന്തിനാണ് രാജിവെച്ച് പോയത്. ഇത്രയധികം കാശ് വാരിയെറിയുന്ന ഒരു സംഭവത്തിന് നടുക്ക് നിന്നുകൊണ്ട് ഒന്നും ചെയ്യാനാവില്ലെന്ന അവസ്ഥയിലാണ് അവർ രാജിവെച്ച് പോവേണ്ടി വരുന്നത്.

ഇത്തരം കള്ളപ്രചരണങ്ങളില്‍ വീണുപോവുന്നവരാണ് അയ്യോ പാവം, ഒരു തെളിവുമില്ലെന്ന പ്രസ്താവന ഇറക്കാന്‍ മുന്നോട്ട് വരുന്നത്. ഒരു പ്രതിക്ക് വേണ്ടി മറ്റേതെങ്കിലും കേസില്‍ അഭിഭാഷകർ ഇത്ര അറ്റം വരെ പോയതായി കണ്ടിട്ടുണ്ടോ. ഒരു പ്രതിക്ക് വേണ്ടി മൊബൈലുമായി ബോംബൈ വരെ പോയിരിക്കുകയാണ്. അവർ എത്ര വലിയ റിസ്കാണ് എടുത്തിരിക്കുന്നത്. അവരുടെ കരിയറിനെ പോലും ബാധിക്കുന്ന കാര്യമാണല്ലോ? അത് – പ്രകാശ് ബാരെ ചോദിക്കുന്നു.

കാശും ഇതുപോലുള്ള പ്രചരണങ്ങളും ഉണ്ടെങ്കില്‍ എന്തും നടക്കും. ബാലചന്ദ്രകുമാർ എന്ന് പറയുന്ന സാക്ഷി വളരെ വ്യക്തമായ തെളിവുകളുമായി മുന്നോട്ട് വന്നപ്പോള്‍ അയാളുടെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള വലിയ ശ്രമം തന്നെ ഉണ്ടായി. ചിലരെല്ലാം കൂടി ചേർന്ന് അദ്ദേഹത്തെ ഒരു പെണ്ണുകേസില്‍ കുടുക്കാനുള്ള നീക്കം വരെ നടത്തി. പൊലീസിന് എന്തുകൊണ്ടായാലും അത് പെട്ടെന്ന് തന്നെ കണ്ടുപിടിക്കാന്‍ പറ്റി. അതിന് പിന്നില്‍ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കുകയാണ് സത്യത്തിൽ വേണ്ടത് – പ്രകാശ് ബാരെ പറഞ്ഞു

കോടതി വിധി പറയുമ്പോള്‍ ഇതില്‍ തെളിവൊന്നും ഉണ്ടായിരുന്നില്ലെന്ന ബോധ്യം ജനങ്ങളിലുണ്ടാക്കണം. അതോടൊപ്പം തന്നെ അനുകൂലമായ ഒരു വിധി വരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം. എന്നുള്ളതാണ് ഇത്തരമൊരു പ്രചരണത്തിന്റെ ലക്‌ഷ്യം. ഇടക്കാലത്ത് ഇതിന് ചെറിയൊരു കുറവ് ഉണ്ടായി, പിന്നീട് അത് വീണ്ടും ശക്തമാവുകയായിരുന്നു – – പ്രകാശ് ബാരെ പറഞ്ഞു

ശ്രീലേഖ ഐ പി എസ്, മധു സർ, അടുർ ഗോപാല കൃഷ്ണന്‍, ഇന്ദ്രന്‍സിനെ ഈ ചോദ്യത്തില്‍ കുടുക്കിയ ലേഖകന്‍. അങ്ങനെ ആരാണെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇത്തരം പ്രചരണങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇനിയും ഇത്തരം കാര്യങ്ങള്‍ വന്നുകൊണ്ടിരിക്കുമെന്ന് തന്നെ നമ്മള്‍ പ്രതീക്ഷിക്കണമെന്നും പ്രകാശ് ബാരെ പറയുകയുണ്ടായി.