പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ ഭാര്യമാര്‍ക്ക് സിപിഎം ശുപാര്‍ശയോടെ ജില്ലാആശുപത്രിയില്‍ നിയമനം

പെരിയയിൽ കൃപേഷിനേയും ശരത്ലാലിനേയും വെട്ടിക്കൊന്ന കേസിലെ പ്രതികളുടെ ഭാര്യമാർക്ക് സിപിഎമ്മിന്റെ ശുപാർശയിൽ ജോലി നൽകി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് താത്കാലിക ജോലി നൽകിയത്. കൊലപാതകത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് വാദിക്കുന്നതിനിടെ കേസിലെ പ്രധാന പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയിരിക്കുന്നതെന്ന കാര്യം സംശയകരമാണ്.

ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം. പീതാബംരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സി.ജെ.സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവർക്കാണ് ജില്ലാ ആശുപത്രിയിൽ നിയമനം നൽകിയിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് ഇവരെ നിയമിക്കാൻ സിപിഎം ഭരിക്കുന്ന കാസർകോട് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകണമെന്നത് പാർട്ടിയുടെ ശുപാർശയാണെന്നാണ് വിവരം. കേസ് നിലവിൽ സിബിഐ അന്വേഷിക്കുകയാണ്.