‘അന്നം തരുന്നവന്‍ ദൈവം’: വിവാദമായ മുഖ്യമന്ത്രി പിണറായിയുടെ ഫ്ലക്സ് മാറ്റി

മലപ്പുറം ∙ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച്‌ മലപ്പുറം വളാഞ്ചേരിയില്‍ ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ പരിസരത്തെ മറ്റൊരു സ്ഥലത്തേക്കു ബോര്‍ഡ് മാറ്റി. കേരളത്തിന്‍റെ ദൈവം എന്ന പേരിലാണ് പിണറായി വിജയന്‍റെ ചിത്രം സഹിതമുള്ള ഫ്ലക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.

ആരാണ് ദൈവം എന്നു നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്നു ജനം പറഞ്ഞുവെന്നും എഴുതിയ ഫ്ലക്സ് ബോര്‍ഡിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. വിവാദത്തിനു പിന്നാലെ ഫ്ലക്സ് ബോര്‍ഡ് ആദ്യസ്ഥലത്തുനിന്നു മാറ്റി സ്ഥാപിച്ചു. മുഖ്യമന്ത്രിക്കൊപ്പം മറ്റു മന്ത്രിമാരുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ മറ്റൊരു ബോര്‍ഡും സമീപത്ത് സ്ഥാപിച്ചിരുന്നു

ശ്രീപത്മനാഭന്‍റെ മണ്ണും സ്വാമി അയ്യപ്പന്‍റെ മണ്ണും ഗുരുവായൂരപ്പന്‍റെയും കൊടുങ്ങല്ലൂരമ്മയുടെയും തട്ടകവും ചുവന്നു കിടക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ ദൈവങ്ങളെല്ലാം കമ്യൂണിസ്റ്റാണെന്നതിന് ഇതില്‍പ്പരം തെളിവു വോണോ എന്നെഴുതിയ രണ്ടാമത്തെ ബോര്‍ഡും മാറ്റിയിട്ടുണ്ട്.