ജോസ് ടോം സ്വതന്ത്രന്‍, ചിഹ്നം അനുവദിക്കില്ല: പി.ജെ ജോസഫ്

പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന്റെ കാര്യത്തില്‍ നിര്‍ണായക നീക്കവുമായി കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്ന് ജോസഫ് പറഞ്ഞു. ജോസ് ടോമിനെ കേരള കോണ്‍ഗ്രസ് പിന്തുണയ്ക്കും. എന്നാല്‍ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്ക്കില്ലെന്നും ജോസഫ് വ്യക്തമാക്കി.

രണ്ടില ചിഹ്നം ആവശ്യമില്ല, കെഎം മാണിയാണ് ചിഹ്നമെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. യു.ഡി.എഫ് അദ്ദേഹത്തെ അംഗീകരിച്ചിട്ടുണ്ട്. അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയുടെ കണ്‍വന്‍ഷന് ക്ഷണിച്ചാല്‍ പോകും. യു.ഡി.എഫ് കണ്‍വീനര്‍ ക്ഷണിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് അവര്‍ കത്ത് ഫ്രോഡ് പരിപാടിയാണ്. ചെയര്‍മാനല്ല എന്ന് കോടതി തന്നെ പറഞ്ഞയാളാണ് കത്ത് കൊടുത്തിരിക്കുന്നതെന്നും ജോസഫ് പറഞ്ഞു.

ചിഹ്നം ലഭിക്കാത്ത സാഹചര്യത്തില്‍ ജോസ് ടോം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിയായും യു.ഡി.എഫ് സ്വതന്ത്രന്‍ എന്ന നിലയിലും പത്രിക നല്‍കിയേക്കും. പി.ജെ ജോസഫാണ് ചിഹ്നം അനുവദിച്ച് കത്ത് നല്‍കേണ്ടത് എന്ന് വന്നാല്‍ സ്ഥാനാര്‍ഥിത്വം പ്രതിസന്ധിയിലാകും. അതുകൊണ്ടാണ് യുഡിഎഫ് സ്വതന്ത്രന്‍ എന്ന നിലയില്‍ മറ്റൊരു തരത്തിലും പത്രിക നല്‍കാന്‍ ഒരുങ്ങുന്നത്. മൂന്നു ചിഹ്നങ്ങള്‍ ആവശ്യപ്പെടാന്‍ ഓരോ സ്ഥാനാര്‍ഥിക്കും അവകാശമുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കാറാണ് പതിവ്. പി.ജെ. ജോസഫിന് മേല്‍ സമ്മര്‍ദം ചെലുത്തി ചിഹ്നം അനുവദിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് നേതൃത്വം നടത്തുന്നത്.