കൊള്ളയുടെ കട തുറന്ന് വിഭജനവും അടിയന്തരാവസ്ഥയും അക്രമങ്ങളും പ്രീണനരാഷ്ട്രീയവും വിൽക്കുന്നു, രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കും’ എന്ന രാഹുൽ ​ഗാന്ധിയുടെ പരാമർശത്തെ ലോക്സഭയിൽ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘‘അവർ സ്നേഹത്തിന്റെ കടയെപ്പറ്റിയാണു സംസാരിക്കുന്നത്. പക്ഷേ, കൊള്ളയുടെ കടയാണു തുറന്നത്. വിഭജനവും അടിയന്തരാവസ്ഥയും അക്രമങ്ങളും പ്രീണനരാഷ്ട്രീയവുമാണു വിൽക്കുന്നത്. പരാജയപ്പെട്ടതിനെ പ്രതിപക്ഷം വീണ്ടുംവീണ്ടും പരീക്ഷിക്കുന്നുവെന്നും’’– മോദി പറഞ്ഞു.

മണിപ്പുരിലെ അക്രമസംഭവങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാഹുലിന്റെ പ്രസംഗത്തിലെ ‘ഭാരത മാതാവ് പരാമർശം’ ചൂണ്ടിക്കാട്ടിയാണു മോദി വിമർശനം തുടങ്ങിയത്. ‘‘ഇവിടെ ചിലയാളുകൾ ഭാരത മാതാവിന്റെ മരണം ആഗ്രഹിക്കുന്നു. എങ്ങനെയാണ് ഇങ്ങനെ പറയാനാകുന്നത്? ആ പരാമർശം , മാപ്പർഹിക്കാത്തതാണ്. കോൺഗ്രസിന്റെ ദർബാർ സംവിധാനത്തിൽ, അംബേദ്കർ ഉൾപ്പെടെ ഒരുപാട് നേതാക്കളുടെ അവസരം കവർന്നെടുത്തു. ഒരുപാട് നേതാക്കളെ നശിപ്പിച്ചു. കോൺഗ്രസിതര സർക്കാർ വന്നതിനുശേഷമാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഛായാചിത്രം പാർലമെന്റിൽ ഇടംപിടിച്ചത്.’’

ഹനുമാനല്ല, രാവണന്റെ അഹങ്കാരമാണ് ലങ്കാദഹനത്തിനു കാരണമായതെന്നു രാഹുൽ പറഞ്ഞതിനെയും ആക്രമിക്കാനുള്ള ആയുധമാക്കി മോദി മാറ്റി. രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയിൽനിന്ന് കേവലം 44 സീറ്റിലേക്കു കോൺഗ്രസ് ചെറുതായത് അഹങ്കാരം കാരണമാണെന്നും മോദി അഭിപ്രായപ്പെട്ടു.