പ്രധാനമന്ത്രിയുടെ സന്ദർശത്തിനിടയിലെ സുരക്ഷ വീഴ്ച; പ്രത്യേക അന്വേഷണസമിതിയെ നിയോഗിച്ച് പഞ്ചാബ് സർക്കാ‌ർ

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശത്തിനിടയിലെ സുരക്ഷ വീഴ്ചയിൽ അന്വേഷണത്തിന് ജസ്റ്റിസ് എം എസ് ഗിൽ അധ്യക്ഷനായ സമിതി രൂപീകരിച്ച് പഞ്ചാബ് സ‍ർക്കാർ. ഇതിനിടെ സുരക്ഷ വീഴ്ചയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ലോയേർസ് വോയ്സ് എന്ന സംഘടന സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. വിഷയം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം വി രമണ നിരീക്ഷിച്ചു. ഹർജിയുടെ പകർപ്പ് പഞ്ചാബ് സർക്കാരിന് കൂടി നൽകാൻ കോടതി ആവശ്യപ്പെട്ടു. ഹർജി നാളെ പരിഗണിക്കും.

അതിനിടെ പഞ്ചാബ് സർക്കാരിനെതിരെ പരാതിയുമായി ബിജെപി നേതാക്കൾ പഞ്ചാബ് ഗവർണ്ണറെ കണ്ടു. സംഭവത്തിൽ ബിജെപിക്കും കോൺഗ്രസിനുമിടയിൽ രാഷ്ട്രീയ ആരോപണപ്രത്യാരോപണം തുടരുകയാണ്. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയിരുന്നു. സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി പറയുന്നത്. പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാർഗ്ഗമാക്കാൻ പെട്ടെന്ന് തീരുമാനമെടുത്തു എന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. എസ്പിജിയും സംഭവത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത് ബികെയു ക്രാന്തികാരി (ഫൂൽ) എന്ന സംഘടന ആണെന്ന് വ്യക്തമായിട്ടുണ്ട്. റാലിക്കു പോകുകയായിരുന്ന ബിജെപി പ്രവർത്തകർക്കെതിരായിരുന്നു പ്രതിഷേധമെന്ന് സംഘടന വ്യക്തമാക്കി. പ്രധാനമന്ത്രി റോഡ്മാർഗ്ഗം വരുന്നത് അറിഞ്ഞത് അവസാന നിമിഷമെന്നും സംഘടന പറയുന്നു.