അണ്ണാമലൈയെ സ്വാഗതം ചെയ്യുന്ന ഫ്ലക്സ് ബോർഡുകൾ മാറ്റി പോലീസ്, പ്രവർത്തകരും പോലീസും തമ്മിൽ തർക്കം

വയനാട് : അണ്ണാമലൈയെ സ്വാഗതം ചെയ്യുന്ന ഫ്ലക്സ് ബോർഡുകൾ പോലീസ് ഏകപക്ഷീയമായി എടുത്ത് മാറ്റി. കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാനന്തവാടിയിലെത്തുന്ന തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡുകളാണ് പൊലീസ് മാറ്റിയത്.
ഇതോടെ കെ സുരേന്ദ്രനും പൊലീസും തമ്മിൽ തർക്കമുണ്ടായി.

ഇന്ന് മാനന്തവാടിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അണ്ണാമലൈയുടെ റോഡ് ഷോയും നടക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് ബിജെപി പ്രവർത്തകർ നഗരത്തിൽ ബോർഡുകൾ സ്ഥാപിച്ചത്. ബോർഡുകൾ സ്ഥാപിച്ച സ്ഥലങ്ങളെ ചൊല്ലിയാണ് തർക്കമുണ്ടായത്. പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിംഗ് സ്‌ക്വാഡും ചേർന്ന് 9.30 ഓടെയാണ് ബോർഡുകൾ നീക്കം ചെയ്തത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കെ സുരേന്ദ്രനും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. കെ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ തന്നെ ബിജെപി പ്രവർത്തകർ ബോർഡുകൾ നഗരത്തിൽ സ്ഥാപിച്ചു. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലത്ത് നിന്നും ഉദ്യോഗസ്ഥരും പൊലീസും പിന്മാറുകയായിരുന്നു.