സിദ്ദിഖ് കാപ്പന് വേണ്ടി പോപ്പുലർ ഫ്രണ്ട് അനുകൂലികളുടെ ‘അഭിപ്രായ സ്വാതന്ത്ര്യ സമ്മേളനം’

കോഴിക്കോട്. കേന്ദ്ര സർക്കാർ നിരോധിച്ച തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള മുൻ മാദ്ധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന് വേണ്ടി പോപ്പുലർ ഫ്രണ്ട് അനുകൂലികൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികൾ പങ്കെടുക്കുന്നതായ വിവരം പുറത്ത്. ‘അഭിപ്രായ സ്വാതത്ര്യ സമ്മേളനം’ എന്നപേരിൽ ഒക്ടോബർ 5ന് കോഴിക്കോട് ടൗൺ ഹാളിൽ പോപ്പുലർ ഫ്രണ്ട് അനുകൂലികളാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഭവത്തിൽ പരിപാടിക്കെതിരെ വിമർശനവുമായി ഹിന്ദു ഐക്യവേദി രംഗത്ത് വന്നു.

‘തടവറയിൽ രണ്ട് വർഷം‘ എന്ന തലക്കെട്ടിൽ സിദ്ധിഖ് കാപ്പന്റെ ചിത്രത്തോടെ തയ്യാറാക്കിയിരിക്കുന്ന പരിപാടിയുടെ നോട്ടീസ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കോഴിക്കോട് പൗരാവകാശ വേദിയുടെ പേരിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ട് അനുകൂലികളാണ് എന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്.

മുസ്ലീം ലീഗ് നേതാവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, എം കെ രാഘവൻ എം പി, കെ കെ രമ എം എൽ എ, മുസ്ലീം ലീഗ് എം എൽ എ, പി ഉബൈദുള്ള, മുൻ നക്സലൈറ്റ് ഗ്രോ വാസു, കോൺഗ്രസ് നേതാവ് കെ പി നൗഷാദലി, കേരള പത്രപ്രവർത്തക യൂണിയൻ സെക്രട്ടറി അഞ്ജന ശശി, പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് പ്രസിഡന്റ് എം ഫിറോസ് ഖാൻ, തേജസ് മുൻ മുഖ്യപത്രാധിപർ എൻ പി ചെക്കുട്ടി, സിദ്ധിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സിദ്ധീഖ് എന്നിവർ പരിപാടിയിൽ പങ്കെടുക്കുന്നു എന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

പരിപാടിക്കെതിരെ ഹിന്ദു ഐക്യവേദി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘വെച്ചാ കുടുമ ചെരച്ചാ മൊട്ട’ എന്ന ലെവലിൽ കമ്പും കണയുമില്ലാത്തവർക്ക് എന്തുമാകാം. പക്ഷേ ഈ പേക്കൂത്തിൽ തലവെച്ചു കൊടുക്കുന്ന ജനപ്രതിനിധികൾ പുനർവിചിന്തനത്തിന് തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികല ടീച്ചർ പറഞ്ഞിരിക്കുകയാണ്.

‘പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ച സാഹചര്യത്തിൽ, സമ്മേളനത്തിന് അനുമതി നൽകണോ എന്ന കാര്യത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പും പോലീസും നിലപാട് വ്യക്തമാക്കണം. സമ്മേളനത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പിന്മാറണം. അവർ പരിപാടിയിൽ പങ്കെടുക്കുന്നത് ശരിയല്ല – ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഷൈനു പറയുന്നു.

സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. ഭീകരരുടെ സഹായം പറ്റുന്നവരാണ് പരിപാടി സംഘടിപ്പിക്കുന്നത്. നിലവിൽ ഒരു മാദ്ധ്യമ സ്ഥാപനത്തിലും ജോലി ചെയ്യാത്ത കാപ്പന് മാദ്ധ്യമ പ്രവർത്തകന്റെ ലേബൽ നൽകി പരിപാടിയിൽ പങ്കെടുക്കുന്ന പത്രപ്രവർത്തക യൂണിയൻ, ഭീകരവാദികൾക്ക് വിടുപണി ചെയ്യുന്ന പരിപാടി അവസാനിപ്പിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നുണ്ട്.