‘കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ’; കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍

ആലപ്പുഴയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ചു. പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ചുവരിലാണ് ‘കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ’ എന്ന പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത് . അതേസമയം പോസ്റ്ററില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും അഭിവാദ്യമര്‍പ്പിച്ചിട്ടുണ്ട് . അമ്പലപ്പുഴ സിപിഐയിലെ തിരുത്തല്‍വാദികള്‍ പതിച്ചത് എന്ന നിലയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എറണാകുളത്ത് കഴിഞ്ഞദിവസ സിപിഐ മാര്‍ച്ചിനിടെ പാര്‍ട്ടി എംഎല്‍എയ്ക്കും നേതാക്കള്‍ക്കും നേരെയുണ്ടായ പോലീസ് നടപടിയില്‍ കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് കാരണമായിരുന്നു. കാനം രാജേന്ദ്രനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു . ഈ സാഹചര്യത്തിലാണ് ആലപ്പുഴയില്‍ കനത്തിനെതിരെ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

എറണാകുളത്തെ പോലീസ് നടപടിയില്‍ കാനം രാജേന്ദ്രന്റെ മൃദു സമീപനത്തോട് സിപിഐയില്‍ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. സംഭവത്തില്‍ 48 മണിക്കൂര്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. എന്നിട്ടും കാനം മൗനം പാലിക്കുന്നുവെന്നാണ് വിമര്‍ശനം. ഇതിന്റെ ഭാഗമായിട്ടായിരിക്കാം പോസ്റ്റര്‍ ഒട്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം.കാനത്തിന്റെ അവസ്ഥയില്‍ സഹതാപമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.
പാര്‍ട്ടിയുടെ എംഎല്‍എയും ഒരു ജില്ലാ സെക്രട്ടറിയും പോലീസ് മര്‍ദ്ദനമേറ്റ് 48 മണിക്കൂര്‍ കഴിയുമ്‌ബോഴും ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ് കാനം രാജേന്ദ്രന്‍. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വരുന്നതുവരെ കൂടുതലൊന്നും പറയാനില്ലെന്നാണ് കാനം വിഷയത്തില്‍ പ്രതികരിച്ചത്. മന്ത്രിസഭാ യോഗത്തില്‍ എ കെ ബാലന്‍ സിപിഐ മന്ത്രിമാരുടെ വാദത്തെ ചോദ്യം ചെയ്തിട്ടും നിലപാടില്‍ അണുവിട വ്യത്യാസം വരുത്തിയിട്ടില്ല കാനം. പാര്‍ട്ടി സെക്രട്ടറിയുടെ ഈ നിലപാടില്‍ വിയോജിപ്പുള്ള നേതാക്കള്‍ നിരവധിയാണ്.