ബസ് കൈകാട്ടി നിർത്തി, പിന്നാലെ ചില്ല് കല്ലെറിഞ്ഞ് തകർത്തു, സംഭവം തൃശൂരിൽ

തൃശൂർ: ബസ് തടഞ്ഞ് നിർത്തി കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ തുടരുന്നു. ഇരിങ്ങാലക്കുടയിൽ ക്രൈസ്റ്റ് കോളേജിന് സമീപമാണ് സംഭവം. ഇന്ന് ഉച്ച കഴിഞ്ഞ് 2.45-ഓടെ ബസ് തടഞ്ഞ് നിർത്തി കല്ലെറിയുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കല്ലൂർ-ആനന്ദപുരം വഴി ഇരിങ്ങാലക്കുടയ്‌ക്ക് വരുന്ന ഷാലോം ബസിന് നേരെയാണ് ആക്രമണം നടന്നത്. ബസ് ക്രൈസ്റ്റ് കോളേജ് എത്തുന്നതിന് മുമ്പ് വഴിയരികിൽ നിന്നിരുന്ന യുവാവ് ബസ് കൈകാട്ടി നിർത്തി. തുടർന്ന് കയ്യിൽ കരുതിയിരുന്ന കല്ല് ബസിന്റെ മുൻവശത്തെ ചില്ലിന് നേരെ എറിയുകയായിരുന്നു.

ഇതിന് ശേഷം തൊട്ടടുത്ത ബൈക്കിൽ കയറി കടന്നുകളഞ്ഞു. ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്ന നിലയിലാണ്. ബസിന് മുൻവശത്ത് ഇരുന്ന കുട്ടികൾ പരിക്കേൽക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു, സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.