പണി എടുക്കുന്ന എംപിയെ ആണ് ജനങ്ങൾക്ക് വേണ്ടത്, തീരമേഖലയിൽ നുണ പറഞ്ഞ് ഭയം പരത്താൻ കോൺഗ്രസ് ശ്രമിക്കുന്നു- രാജീവ് ചന്ദ്രശേഖർ

തലസ്ഥാനത്തെ ജനങ്ങൾക്ക് വേണ്ടത് പണി ചെയ്യുന്ന ഒരു എംപിയെയാണെന്ന് രാജീവ് ചന്ദ്രശേഖർ. ഒരു അവസരം കിട്ടിയാൽ തിരുവനന്തപുരത്ത് ഇതുവരെ കാണാത്ത വികസനം ഉണ്ടാകും. എൽഡിഎഫും യുഡിഎഫും ജനങ്ങളെ പേടിപ്പിച്ച് ജയിക്കുന്ന രീതി ഇത്തവണ മാറും. പുരോഗതിയും വികസനവും അവകാശമാണെന്ന് ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.

എൻഡിഎ വികസനം പറഞ്ഞ് വോട്ട് തേടുമ്പോൾ തീരത്ത് നുണപറഞ്ഞ് ഭയം പരത്താൻ കോൺഗ്രസ് ശ്രമിക്കുകയാണ്. തീരപ്രദേശത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെയാണ് വിദ്വേഷവും നുണ പ്രചരണവും നടത്തുന്നത്. അധികാരത്തിലേറിയാൽ അവർക്ക് വേണ്ടി എന്ത് ചെയ്യുമെന്നതിന്റെ വികസനരേഖയാണ് ഞാൻ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരും സിഎഎയും പറഞ്ഞ് തീരപ്രദേശത്തെ ജനങ്ങളെ പേടിപ്പിക്കുകയാണ്. അവർ വിഡ്ഢികളല്ല, സത്യം മനസിലാക്കാനുള്ള ബുദ്ധി അവർക്കുണ്ട്. 15 കൊല്ലമായി അവർക്ക് വീടോ കുടിവെള്ളമോ ഇല്ല. കടലാക്രമണം കാരണം ഗുരുതര പ്രശ്‌നങ്ങളാണ് തീരമേഖലയിലെ ജനങ്ങൾ അനുഭവിക്കുന്നത്. ജനങ്ങളെ പേടിപ്പിച്ച് ജയിക്കാനുള്ള ശ്രമം എന്ത് രാഷ്‌ട്രീയമാണ്. വിശ്വ പൗരനാണ് എന്ന് പറയുന്ന വ്യക്തിയുടെ രാഷ്‌ട്രീയമാണോ ഇതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

അതേസമയം 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിന് ശേഷം സംസ്ഥാനം ഇന്ന് നിശബ്ദ പ്രചാരണത്തിലേക്ക് കടന്നു. ഈ സമയത്ത് പൊതുയോഗങ്ങൾക്കോ പ്രകടനങ്ങൾക്കോ അനുമതിയില്ല. നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേർന്നാൽ ക്രിമിനൽ പ്രൊസീജ്യർ കോഡ് ചട്ടം 144 പ്രകാരമാണ് നടപടി സ്വീകരിക്കുകയെന്നു വരണാധികാരി അറിയിച്ചു.

നാളെ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരാണുള്ളത്.