മകളെ കൈ പിടിച്ച് കൊടുത്തതിന് ശേഷം സുരേഷേട്ടന്‍ മുറിയില്‍ പോയി ഇരുന്നു, കണ്ണുകള്‍ നിറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്- വിനോദ് ഗുരുവായൂർ

തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണവും മറ്റുമായി തിരക്കിലാണ് ഇപ്പോള്‍ സുരേഷ് ഗോപി. അതേസമയം ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് വൈറലാകുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ വിനോദ് ഗുരുവായൂരിന്റേതാണ് കുറിപ്പ്. ശിഖാമണി, ഹീറോ തുടങ്ങിയ സിനിമകള്‍ എഴുതിയത് വിനോദ് ഗുരുവായൂരാണ്.

സുരേഷ് ഗോപിയുമായി ഒരു കുടുംബാംഗത്തോടുള്ളത് പോലുള്ള സൗഹൃദം വിനോദിനുണ്ട്. സുരേഷ് ഗോപി എന്ന മനുഷ്യനെ കുറിച്ചുള്ളതാണ് വിനോദ് ഗുരുവായൂരിന്റെ കുറിപ്പ്. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴുള്ള അനുഭവവും കുറിപ്പില്‍ വിനോദ് വിവരിച്ചിട്ടുണ്ട്. വിനോദിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

‘മകളുടെ വിവാഹ ദിവസം വരന് കൈ പിടിച്ച് കൊടുത്തതിനുശേഷം പതുക്കെ സ്‌റ്റേജില്‍ നിന്നും സുരേഷ് ചേട്ടന്‍ ഇറങ്ങി. അടുത്ത് ഉണ്ടായിരുന്ന എന്നെയും സാജന്‍ ചേട്ടനെയും വിളിച്ചു. നേരെ നടന്നു ചേട്ടന്‍.. പുറകില്‍ ഞങ്ങളും. അവസാനം ഒരു മുറിയില്‍ ഞങ്ങളോടൊപ്പം കുറച്ച് സമയം ഇരുന്നു. മകളുടെ ചെറുപ്പം മുതലുള്ള കഥകള്‍ പറയുന്നു. അപ്പോഴെല്ലാം കണ്ണുകള്‍ നിറയതിരിക്കാന്‍ സുരേഷേട്ടന്‍ ശ്രദ്ധിക്കുന്നുണ്ട്. ഒരു വലിയ കടമ നിറവേറ്റി ഞങ്ങളുടെ മുമ്പില്‍ ഇരിക്കുന്ന ആ അച്ഛനെ ഞാനവിടെ കണ്ടു.

ആ സമയം എനിക്ക് തോന്നിയ സന്തോഷം എന്താണെന്ന് അറിയാമോ… ഒരു അനിയനെ എന്നില്‍ കണ്ടുവെന്ന സന്തോഷം. 25 വര്‍ഷങ്ങള്‍ ഇതുപോലെ കൊണ്ട് നടന്നിട്ടുണ്ട് അദ്ദേഹം. 25 വര്‍ഷം മുമ്പ് വെട്ടിച്ചിറ എന്ന സ്ഥലത്ത് പുറംപോക്കില്‍ ഒരു ഓല ഷെഡില്‍ താമസിച്ച് പത്താം ക്ലാസില്‍ ഒന്നാം ക്ലാസ്സ് വാങ്ങിയ കൊച്ചു മിടുക്കിക്ക് വീട് വെച്ച് നല്‍കാന്‍ അദ്ദേഹം വിട്ടത് എന്നെയായിരുന്നു. പിന്നെ ഒരുപാടുപേരുടെ സന്തോഷങ്ങള്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. എന്റെ ചേട്ടന് വിജയാശംസകള്‍’, എന്നായിരുന്നു വിനോദ് ഗുരുവായൂരിന്റെ കുറിപ്പ്.

കുറിപ്പ് വൈറലായതോടെ നടന് വിജയാശംസകളുമായി നിരവധിപേര്‍ എത്തി. ഒരുപാടുപേരെ സിനിമയിലും അല്ലാതെയും പലരീതിയിലും സഹായിച്ച സുരേഷ് ഏട്ടന് വിജയാശംസകള്‍ നേരാന്‍ സിനിമയില്‍ നിന്നും ഒരാളെങ്കിലും മുന്‍പോട്ടു കടന്ന് വന്നതിന് വളരെ നന്ദി. നിങ്ങളുടെ ഏട്ടനെന്ന് പറയുമ്പോള്‍ വല്യ അഭിമാനവും ചെറുതല്ലാത്ത അഹങ്കാരവും ഉണ്ടെന്ന് തോന്നുന്നു… എന്നാല്‍ നിങ്ങളുടെ മാത്രം ഏട്ടനല്ല… ഞങ്ങളുടെയും കൂടിയാണ്,

സിനിമാ ലോകത്ത് നിന്ന് നിങ്ങള്‍ മാത്രമേ ഉള്ളൂ… നന്ദി ചേട്ടാ… ഓര്‍ത്തതിന് എന്നിങ്ങനെ നീളുന്നു വിനോദിന്റെ കുറിപ്പിന് വന്ന കമന്റുകള്‍.