കേരളത്തിന് വേണ്ടെങ്കില്‍ കിറ്റക്‌സിനെ കര്‍ണാടകയിലേക്ക് ക്ഷണിക്കുന്നു; സാബു ജേക്കബുമായി സംസാരിച്ചുവെന്ന് രാജീവ് ചന്ദ്രശേഖര്‍

കിറ്റക്‌സ് വിഷയത്തില്‍ എംഡി സാബു ജേക്കബിനോട് സംസാരിക്കുകയും അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വ്യവസായ നിക്ഷേപത്തിനായി കിറ്റക്‌സിനെ കര്‍ണാടകയിലേക്ക് ക്ഷണിക്കുകയും ചെയ്തു രാജീവ് ചന്ദ്രശേഖര്‍. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

കേരളത്തിനു വേണ്ടെങ്കില്‍ കര്‍ണാടകയില്‍ വ്യവസായം ആരംഭിക്കാന്‍ കിറ്റക്‌സിനോട് അഭ്യര്‍ഥിക്കുമെന്നും അവരോട് വ്യക്തിപരമായി സംസാരിക്കാന്‍ പോവുകയാണെന്നും നേരത്തേ ഒരു അഭിമുഖത്തിലും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. കര്‍ണാടകയില്‍ കിറ്റക്‌സിന് ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കി നല്‍കും. ഇക്കാലത്ത്, തൊഴില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഏതു നിക്ഷേപകനെയും സംരംഭകനെയും നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ആ തൊഴില്‍ സൃഷ്ടിക്കലിനെ പിന്തുണയ്ക്കുകയെന്നത് രാഷ്ട്രീയനേതാക്കളുടെ ധാര്‍മിക ഉത്തരവാദിത്വമാണ്.

തൊഴില്‍ സംരംഭകനെ തകര്‍ക്കാന്‍ പാടില്ലെന്നും കേരളത്തിന്റെ രാഷ്ട്രീയം നിക്ഷേപത്തിന്റെ രാഷ്ട്രീയവും തൊഴില്‍ സൃഷ്ടിക്കലിന്റെ രാഷ്ട്രീയവുമായി മാറണമെന്നും അദ്ദേഹം അഭിമുഖത്തില്‍ ആശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സാബു ജേക്കബിനോട് സംസാരിക്കുകയും കേരളത്തിലെ ആയിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന അദ്ദേഹത്തിന്റെ വ്യവസായത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പയുടെ പൂര്‍ണ്ണ പിന്തുണയോടെ കര്‍ണാടകയില്‍ നിക്ഷേപത്തിനുള്ള അവസരവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി. നഡ്ഡ എന്നിവരെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. കേരളത്തില്‍ വ്യവസായം നടത്താന്‍ സര്‍ക്കാരിന്റെ ഉള്‍പ്പെടെ പിന്തുണ ലഭിക്കുന്നില്ലെന്നായിരുന്നു കിറ്റക്‌സ് എംഡി സാബു ജേക്കബിന്റെ ആരോപണം. ഇത് കേരളത്തില്‍ വലിയ രാഷ്ട്രീയ വിഷയമായി മാറുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ കേരളത്തിലെ നിക്ഷേപ പദ്ധിയില്‍ നിന്ന് പിന്മാറുന്നുവെന്ന് വ്യക്തമാക്കിയ കിറ്റെക്‌സ് തെലങ്കാനയില്‍ 1000 കോടി രൂപയുടെ പ്രാരംഭനിക്ഷേപം നടത്താനും തീരുമാനിച്ചു. കിറ്റെക്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബും തെലങ്കാന വ്യവസായമന്ത്രി കെ.ടി. രാമ റാവുവും ഹൈദരാബാദില്‍ നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച് ധാരണയായിരുന്നു.