റിഫയുടെ മൃതദേഹം ജലാംശം പോയി ചുക്കിച്ചുളിഞ്ഞ നിലയിലായിരുന്നു- അബ്ദുൾ അസീസ്

വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പാവണ്ടൂർ ജുമാമസ്ജിദിലെ കബർസ്ഥാനിൽനിന്ന് പുറത്തെടുക്കുക എന്നതായിരുന്ന ശനിയാഴ്ച ഒളവണ്ണ സ്വദേശി മഠത്തിൽ അബ്ദുൾ അസീസിന്റെ ദൗത്യം. ഒരുരൂപ പോലും പ്രതിഫലം വാങ്ങാതെ ജോലി ചെയ്ത് അസീസ് മടങ്ങി.

റിഫ മെഹ്‌നുവിന്റെ മൃതദേഹം നല്ലരീതിയിൽ എംബാം ചെയ്‌തിരുന്നതിനാൽ കാര്യമായി അഴുകിയിരുന്നില്ലെന്ന് മൃതദേഹം അസീസ് പറഞ്ഞു. മൃതദേഹം പുറത്തെടുക്കാൻ സഹായം വേണമെന്ന് അഞ്ച് ദിവസം മുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ തീർച്ചയായും വരുമെന്ന് അസീസ് അറിയിച്ചു. മൃതദേഹം ജലാംശം പോയി ചുക്കിച്ചുളിഞ്ഞ നിലയിലായിരുന്നു. എന്നാൽ മുഖമെല്ലാം മനസിലാക്കാൻ കഴിയുന്ന നിലയിലായിരുന്നുവെന്ന് അസീസ് പറഞ്ഞു.

ഒറ്റ‌നോട്ടത്തിൽ മൃതദേഹത്തിൽ വലിയ പരിക്കൊന്നും കാണാൻ കഴിഞ്ഞില്ല. കഴിഞ്ഞ 40 വർഷമായി മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിന് സഹായം ചെയ്യുന്ന താൻ പുറത്തെടുക്കുന്ന 3901ാം മൃതദേഹമാണ്. ഒളവണ്ണയിലെ മുൻ പഞ്ചായത്തംഗം കൂടിയാണ് അദ്ദേഹം. പണം നൽകാതെയാണ് അസീസിന്റെ സേവനം. പണം നൽകാൻ നിർബന്ധിക്കുന്നവരോട് വീൽചെയരോ വാട്ടർ ബെഡോ സംഭാവനയായി വാങ്ങും

ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് പാവണ്ടൂർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നിന്ന് റിഫ മെഹ്‌നുവിന്റെ മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി പുറത്തെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോസ്‌റ്റ്‌മോർട്ടം ചെയ്യാൻ മാറ്റി. നടപടികൾ പൂർത്തിയാക്കി ഇന്നുതന്നെ മൃതദേഹം മറവ് ചെയ്യും.