അമിത വേഗതയില്‍ പാഞ്ഞ കാര്‍ നാല് വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ചു

കൊല്ലം : ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറായ പൊലീസുകാരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ നാലു വാഹനങ്ങളിലിടിച്ചിട്ടും നിര്‍ത്താതെ പാഞ്ഞു. പിന്നീട് ടയര്‍ പൊട്ടി വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞുവച്ച്‌ പൊലീസില്‍ ഏല്‍പിച്ചു.

ഞായര്‍ രാത്രി 8.30ന് നീണ്ടകര ചീലാന്തി ജംക്‌ഷനിലാണു സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവച്ചത്. ദേശീയപാതയില്‍ ശങ്കരമംഗലത്തു നിന്നു കൊല്ലം ഭാഗത്തേക്കു പാഞ്ഞ കാര്‍ നല്ലേഴുത്തുമുക്ക്, കൊറ്റന്‍കുളങ്ങര, ചവറ, പരിമണം എന്നിവിടങ്ങളിലാണു മറ്റു വാഹനങ്ങളില്‍ ഇടിച്ചത്. എന്നിട്ടും നിര്‍ത്താതെ മുന്നോട്ടു പോയ കാറിന്റെ ടയര്‍ പൊട്ടിത്തകര്‍ന്നു ചീലാന്തി ജംക്‌ഷനു സമീപത്തെ വീട്ടിലേക്കു പാഞ്ഞുകയറി നില്‍ക്കുകയായിരുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്ത ചവറ തോട്ടിനുവടക്ക് സ്വദേശിയായ പൊലീസുകാരനടക്കം മൂന്നു പേരെ മദ്യലഹരിയില്‍ ആയിരുന്നെന്ന സംശയത്തെത്തുടര്‍ന്ന് നീണ്ടകര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയരാക്കി. സംഘത്തിന്റെ അപകടപ്പാച്ചിലില്‍ നിന്നു കാല്‍നടയാത്രക്കാരടക്കം പലരും അദ്ഭുതകരമായാണു രക്ഷപ്പെട്ടത്.