ശബരിമല യുവതീ പ്രവേശന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

ശബരിമല യുവതി പ്രവേശന നിലപാടില്‍ അയഞ്ഞ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും. സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കും മുമ്പ് ഹിന്ദുമത ആചാര്യന്‍മാരുടെ അഭിപ്രായം കണക്കിലെടുക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആചാര സംരക്ഷണം വേണമെന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച്‌ പുതിയ സത്യവാങ്മൂലം നല്‍കാന്‍ ദേവസ്വം ബോര്‍ഡും തീരുമാനിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍

സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കുന്നതിന് മുമ്ബായി ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ നിലപാട് സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു പറഞ്ഞു. ആചാരണങ്ങള്‍ സംരക്ഷിക്കണമെന്ന അഭിപ്രായം കൂടി പരിഗണിച്ചാകും ബോര്‍ഡ് നിലപാട് അറിയിക്കുകയെന്നാണ് സൂചന.

സര്‍ക്കാരിന്റെ വാശിയെ തുടര്‍ന്ന് യുവതിപ്രവേശത്തെ കഴിഞ്ഞ മണ്ഡലകാലത്ത് ദേവസ്വം ബോര്‍ഡ് പരസ്യമായി അനുകൂലിച്ചിരുന്നു. ശബരിമല പുനപരിശോധന ഹര്‍ജികളിലെ നിയമപ്രശ്നം തീര്‍പ്പാക്കാന്‍ സുപ്രീംകോടതി ഒന്‍പതംഗ വിശാല ബെഞ്ച് രൂപീകരിച്ചതോടെയാണ് ദേവസ്വം ബോർഡും ആലോചനകളിലേക്ക് നീങ്ങുന്നത്. യുവതിപ്രവേശം വേണ്ട എന്നാണ് സുപ്രീകോടതിയില്‍ ദേവസ്വം നല്‍കിയിരിക്കുന്ന സത്യവാങ്മൂലമെങ്കിലും പുനപരിശോധന ഹർജി വന്നപ്പോൾ നിലപാട് മാറ്റിയിരുന്നു.

യുവതിപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് കഴിഞ്ഞ വര്‍ഷം ബോര്‍ഡ് സ്വീകരിച്ചത്. എന്നാല്‍ നിലവിലെ ശാന്തമായ അന്തരീക്ഷവും വരുമാനം കൂടിയതുമൊക്കെ പരിഗണിച്ചാണ് ബോര്‍ഡ് നിലപാട് മാറ്റത്തിന് ഒരുങ്ങുന്നത്. ബോര്‍ഡിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രിയും പറഞ്ഞത് ഈ സാഹചര്യത്തിലാണ്

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി ജനുവരി 13 മുതൽ പരിഗണിക്കും. ഒമ്പതംഗ ഭരണഘടനാ ബെഞ്ചാ ണ് ഹർജികൾ പരിഗണിക്കുന്നത്. വിശ്വാസ പ്രശ്നമടക്കം അഞ്ചംഗ ബെഞ്ച് നിർദേശിച്ചിട്ടുള്ള എല്ലാ വിഷയങ്ങളും സുപ്രീം കോടതി പരിഗണിക്കുന്നത്. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ചിട്ടുള്ള അറുപതോളം ഹർജികളാണ് പരിഗണിക്കുക.

പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലെ അംഗങ്ങൾ ആരെല്ലാമാണെന്ന് കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ചീഫ് ജസ്റ്റിസ് എസ്എ ബോഡ്ബെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിൽ ഭാവിയിൽ ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുള്ള നാല് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള സൂചനകൾ. സുപ്രീം കോടതി തിങ്കളാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ് ശബരിമല യുവതീ പ്രവേശനം അനുവദിച്ച വിധി ചോദ്യം ചെയ്തുുകൊണ്ടുള്ള ഹർജികൾ മാത്രം ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.

ഭരണഘടനാ പരമായി സ്ത്രീകൾക്ക് അനുശാസിക്കപ്പെടുന്ന അവകാശം ലംഘിക്കുന്നുണ്ടോ എന്നതാണ് പ്രധാനമായും സുപ്രീംകോടതി പരിഗണിക്കുക. ശബരിമല യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഒമ്പതംഗ ബെഞ്ച് പരിഗണിക്കുമെന്ന് നവംബർ 14നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്തംബർ 28ലെ സുപ്രീം കോടതി വിധി സ്റ്റേ ചെയ്യാൻ കോടതി തയ്യാറായിരുന്നില്ല.