ആദ്യ ഗര്‍ഭം ഒന്നര മാസത്തില്‍ അബോര്‍ഷനായി, വീണ്ടും ഗര്‍ഭിണിയായെങ്കിലും അതും നഷ്ടപ്പെട്ടു, 16 വര്‍ഷത്തെ കാത്തിരിപ്പിനെ കുരിച്ച് സജി സുരേന്ദ്രന്‍

കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ പ്രിയ സംവിധായകന്‍ സജി സുരേന്ദ്രനും ഭാര്യ സംഗീതയ്ക്കും ആദ്യ കണ്‍മണികളായി രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചത്. 16 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമായിരുന്നു ഇരുവരെയും തേടി സന്തോഷം എത്തിയത്. പലവട്ടം വിധി തട്ടിയകറ്റിയ സന്തോഷം ഒടുവില്‍ സജിയുടെയും സംഗീതയുടെയും ജീവിതത്തില്‍ നിറഞ്ഞു. ഇപ്പോള്‍ കാത്തിരിപ്പിന്റെ നിമിഷങ്ങളെ കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് സജി.

സജിയുടെ വാക്കുകളിങ്ങനെ, ‘എല്ലാവരുടെയും ജീവിതത്തിന്റെ പൂര്‍ണത തങ്ങള്‍ക്ക് അടുത്ത ഒരു തലമുറ ഉണ്ടാകുന്നതോടെയാണ്. കഴിഞ്ഞ 16 വര്‍ഷവും എന്നെക്കാളേറെ ഒരു കുഞ്ഞിനു വേണ്ടി അമ്പലങ്ങളും പള്ളികളും വഴിപാടുകളുമൊക്കെയായി ജീവിച്ചത് സംഗീതയാണ്. ഞങ്ങളുടെ വിവാഹം 2005 ല്‍ ആയിരുന്നു. 2009 ല്‍ ആണ് സംഗീത ആദ്യം ഗര്‍ഭിണിയായത്. എന്നാല്‍ എന്റെ ആദ്യ സിനിമ ‘ഇവര്‍ വിവാഹിതരായാല്‍’ റിലീസാകുന്നതിന്റെ തലേ ദിവസം, ഒന്നര മാസത്തില്‍ അത് അബോര്‍ട്ടായി. പിന്നീട് ‘ഫോര്‍ ഫ്രണ്ട്‌സ്’ ഷൂട്ടു ചെയ്യുമ്പോള്‍ സംഗീത വീണ്ടും ഗര്‍ഭിണിയായെങ്കിലും രണ്ടാം മാസത്തില്‍ അതും നഷ്ടപ്പെട്ടു.

അതിനു ശേഷം പ്രാര്‍ഥനകളും ചികിത്സകളുമൊക്കെയായി ദീര്‍ഘ കാലം. കാണാത്ത ഡോക്ടേഴ്‌സില്ല. പോകാത്ത അമ്പലങ്ങളില്ല. ഒടുവില്‍ ട്രീറ്റ്‌മെന്റും പ്രാര്‍ഥനകളും ഫലിച്ചു. ഇപ്പോള്‍ മൂന്നാമത്തെ അവസരത്തില്‍ ഞങ്ങള്‍ക്ക് ദൈവം രണ്ട് ആണ്‍മക്കളെ തന്നിരിക്കുന്നു. ഒത്തിരിയൊത്തിരി സന്തോഷം. ഈശ്വരനും ഞങ്ങള്‍ക്കൊപ്പം നിന്ന ഡോക്ടര്‍മാര്‍ക്കും നന്ദി”.

സംഗീതയ്ക്ക് ഡേറ്റ് പറഞ്ഞതിന് ഒരാഴ്ച മുമ്പായിരുന്നു ഡെലിവറി. ലേബര്‍ റൂമിന്റെ മുമ്പില്‍ ഞാനും ഭാര്യയുടെ അമ്മയും മാത്രം. ഞാനാകെ ടെന്‍ഷനിലായിരുന്നു. ഇരിക്കുന്നു, നടക്കുന്നു, വെള്ളം കുടിക്കുന്നു… ആകെ വെപ്രാളം. വൈഫിന്റെ അമ്മ കൂളായിരുന്നു. വൈഫിന്റെ അനിയത്തിക്കു മൂന്നു ആണ്‍മക്കളാണ്. ഇതൊക്കെയെത്ര കണ്ടതാ എന്ന ഭാവമാണ് അമ്മയ്ക്ക്. ഞാനുടന്‍ അനൂപ് മേനോനെ വിളിച്ചു. അതു കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ സംഗീത പ്രസവിച്ചു. ഞാന്‍ കുഞ്ഞുങ്ങളെ കണ്ട് ഇറങ്ങിയപ്പോള്‍ അനൂപ് ആശുപത്രിയിലെത്തി. കണ്ടതും അവനെന്നെ കെട്ടിപ്പിടിച്ചു.

ആ നിമിഷം മറക്കാനാകില്ല. അപ്പോഴേക്കും പ്രിയപ്പെട്ടവരൊക്കെ വിളിച്ചു തുടങ്ങി. കാവ്യ മാധവന്‍, ജയസൂര്യ, ഇന്ദ്രജിത്ത്, ജോണി ആന്റണിച്ചേട്ടന്‍, ശ്യാംധര്‍, ബി.ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, മമ്മാസ്, ഭാവന, ഉര്‍വശിച്ചേച്ചി, എന്റെ കൂടെപ്പഠിച്ചവര്‍ സുഹൃത്തുക്കളൊക്കെ വിളിച്ചു. എത്രത്തോളം ഇവരൊക്കെ ഞങ്ങളുടെ സന്തോഷത്തിനായി കാത്തിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്.